പ്ലസ് വൺ പ്രവേശനം 'സംവരണക്കുരുക്കിൽ'
text_fieldsതിരുവനന്തപുരം: സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന സുപ്രീംകോടതി വിധിയിൽ പ്ലസ് വൺ പ്രവേശനം നിയമക്കുരുക്കിൽ. കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിന് 10 ശതമാനം സീറ്റ് കൂടി നീക്കിവെച്ചതോടെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംവരണം 58 ശതമാനത്തിൽ എത്തി.
എന്നാൽ, മേയ് അഞ്ചിന് മറാത്ത സംവരണം റദ്ദാക്കിയ വിധിയിലൂടെ സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ആവർത്തിച്ചു. ഇതാണ് പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധിയായത്. പ്ലസ് വൺ പ്രോസ്പെക്ടസ് തയാറാക്കുന്നതിെൻറ മുന്നോടിയായി സംവരണ വിഷയത്തിൽ വ്യക്തത തേടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് കത്ത് നൽകി. ഇതിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിയമവകുപ്പിെൻറ ഉപദേശം തേടും. ഇതിനു ശേഷമേ പ്രവേശന നടപടി ആരംഭിക്കൂ.
സർക്കാർ ഹയർസെക്കൻഡറികളിലെ പ്ലസ് വൺ സീറ്റുകളിൽ 2019 വരെ 48 ശതമാനം സംവരണത്തിലും 52 ശതമാനം ഒാപൺ മെറിറ്റിലുമായിരുന്നു. കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിനായി അധിക സീറ്റ് അനുവദിക്കാതെ മെറിറ്റിൽ നിന്ന് 10 ശതമാനം എടുത്തു.
സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ആവർത്തിച്ച സാഹചര്യത്തിൽ 58 ശതമാനം സംവരണം നിയമപ്രശ്നങ്ങൾക്കിടയാക്കും. ഇൗ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തത തേടിയത്. അതേസമയം, സംവരണം 58 ശതമാനമാക്കിയപ്പോൾ മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചത് 16,711 പ്ലസ് വൺ സീറ്റാണ്.
സർക്കാർ ഹയർ സെക്കൻഡറികളിൽ ആകെയുള്ള 1,62,815 സീറ്റുകളിൽ നിന്ന് 10 ശതമാനം എന്ന നിലയിൽ നീക്കിവെക്കേണ്ടന്നത് 16,283 സീറ്റാണ്.
എന്നാൽ, തിരുവനന്തപുരം - തൃശൂർ വരെയുള്ള ജില്ലകളിൽ അധികം സീറ്റ് നീക്കിവെച്ചതോടെ മൊത്തം സീറ്റ് 16,711 ആയി. ഇത്രയും സീറ്റുകൾ മെറിറ്റിൽ നിന്നാണ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.