പ്ലസ് വൺ പ്രവേശനം: ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ മലബാറിലേക്ക് മാറ്റണം -മെക്ക
text_fieldsകോഴിക്കോട്: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പൂർത്തിയായപ്പോഴും ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ സീറ്റുകളും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കു മാറ്റി നൽകണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ അലി. അത്രയും ബാച്ചുകൾ മലബാർ മേഖലയിലേക്ക് അനുവദിച്ച ശേഷമേ അടുത്ത ഘട്ടം അലോട്ട്മെന്റ് നടപടികൾ തുടരാൻ പാടുള്ളുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ.ഡബ്ല്യു.എസ് സീറ്റുകൾക്ക് അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് പതിനായിരത്തിലധികമാണ്. ഇ.ഡബ്ല്യു.എസിന് ആകെയുള്ള 18,460 സീറ്റിൽ 8065 പേർക്ക് അലോട്ട്മെന്റ് നൽകിയിട്ടും 10395 സീറ്റുകളാണ് 14 ജില്ലകളിലായി അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. പട്ടിക വിഭാഗങ്ങളുടെ 27,000 സീറ്റുകളാണ് ഈ വർഷവും ഒഴിഞ്ഞു കിടക്കുന്നത്. കാൽ ലക്ഷത്തിലധികം എ പ്ലസ് വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ മലബാറിലെ ആറു ജില്ലകളിലായി അലയുകയാണ്.
അധിക ബാച്ചുകളും നിലവിലുള്ള എല്ലാ ഹൈസ്കൂളുകളും ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്തും ഈ അസന്തുലിതാവസ്ഥയും സീറ്റു ക്ഷാമവും പരിഹരിക്കാവുന്നതാണ്. ഇക്കാര്യം അടിയന്തിരമായി പരിഗണിച്ച് വിവേചനവും നീതി നിഷേധവും അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോടും പൊതുവിദ്യാഭ്യാസ വകുപ്പിനോടും മെക്ക അഭ്യർത്ഥിച്ചു.
അലോട്ട്മെന്റ് പ്രക്രിയയിൽ ആവശ്യമായ ഭേദഗതി നിർദേശങ്ങൾ അടിയന്തിര ഉത്തരവായി സർക്കാർ പുറപ്പെടുവിക്കണമെന്നും എൻ.കെ അലി ആവശ്യപ്പെട്ടു. മലബാറിലെ സീറ്റ് ക്ഷാമത്തിന് ചെറിയ രീതിയിലുള്ള നടപടിക്ക് വകുപ്പ് മന്ത്രിയും സർക്കാറും ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.