പൊതുവിദ്യാലയങ്ങളിൽ മതിയായ പ്ലസ് വൺ സീറ്റില്ലാതെ വയനാട്
text_fieldsകൽപറ്റ: ഇത്തവണയും പൊതുവിദ്യാലയങ്ങളിൽ മതിയായ പ്ലസ് വൺ സീറ്റുകളില്ലാതെ വയനാട് ജില്ല. വയനാട്ടിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയത് 11513 വിദ്യാർഥികളാണ്.
എന്നാൽ പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്ഡഡ്) ആകെ ജില്ലയിലുള്ളത് 10465 പ്ലസ് വൺ സീറ്റുകളാണ്. അതായത് 1048 വിദ്യാർഥികൾക്ക് പ്ലസ് വണിന് സീറ്റില്ല. ഇവർ മറ്റു വഴികൾ തേടണമെന്ന് സാരം. കാൽനൂറ്റാണ്ടു മുമ്പ് പ്രീ ഡിഗ്രി പൂർണമായും അവസാനിച്ച് പ്ലസ്ടുവിലേക്ക് മാറിയതുമുതൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എസ്.എസ്.എൽ.സി ജയിക്കുന്ന കുട്ടികളുടെ എണ്ണമനുസരിച്ച് ഉപരിപഠനത്തിന് മതിയായ പ്ലസ് വൺ സീറ്റുകളില്ല. എന്നാൽ, ഇത് പരിഹരിക്കാനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിക്കുന്നില്ല. വി.എച്ച്.എസ്.ഇ സീറ്റുകളും ഓപൺ സ്കൂൾ അവസരവുമടക്കം ചൂണ്ടിക്കാട്ടിയും ബാച്ചുകളിൽ കുട്ടികളെ കുത്തിനിറച്ചും താൽക്കാലിക ബാച്ചുകൾ അനുവദിച്ചുമാണ് സർക്കാർ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നത്. അൺഎയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ സീറ്റും പോളിടെക്നിക്, ഐ.ടി.ഐ സീറ്റുകളുമടക്കം കണക്കാക്കിയാണ് എസ്.എസ്.എൽ.സി കടമ്പ കടന്നവർക്ക് ഉപരിപഠനത്തിന് മതിയായ സീറ്റുകളുണ്ടെന്ന് സർക്കാർ വരുത്തിതീർക്കുന്നത്.
എന്നാൽ, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ മാത്രമായി പറയാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകുന്നുമില്ല. വർഷങ്ങളായി എല്ലാ നിലക്കും പിന്നാക്കം നിൽക്കുന്ന വയനാട് പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിലും മറ്റു മലബാർ ജില്ലകളെ പോലെ തന്നെ അവഗണന തുടരുകയാണ്.
വയനാട്ടിൽ ഇത്തവണ ആകെ 11585 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയപ്പോഴാണ് 11513 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയത്. ആൺകുട്ടികളിൽ 5704 പേരും പെൺകുട്ടികളിൽ 5809 പേരുമാണ് കടമ്പ കടന്നത്. ജില്ലയിൽ 33 സർക്കാർ ഹയർ സെക്കൻഡറികൾ, 19 എയ്ഡഡ് ഹയർ സെക്കൻഡറികൾ 33 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളും (ആകെ 6870 സീറ്റുകൾ) 19 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളും (ആകെ 3595 സീറ്റുകൾ) ആണ് വയനാട്ടിൽ ഉള്ളത്. മൂന്ന് റസിഡൻഷ്യൽ സ്കൂളുകളുമുണ്ട്. നാല് അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളും ജില്ലയിലുണ്ട്.
എന്നാൽ വിവിധ തരത്തിലുള്ള ഫീസുകളടക്കം ചുമത്തുന്നതിനാൽ അൺ എയ്ഡഡ് സ്കൂളുകളെ എസ്.എസ്.എൽ.സി വിദ്യാർഥികൾ കൂടുതലായി ആശ്രയിക്കാറില്ല. പത്താംതരം വരെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവർ പ്ലസ്വണിന് മാത്രം അൺ എയ്ഡഡിൽ പഠിക്കാറില്ല.
അതേസമയം, പത്താംതരം വരെ അൺ എയ്ഡഡിൽ പഠിച്ച് ഉയർന്ന ഗ്രേഡ് ലഭിച്ചവർ പ്ലസ് വണിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളെയാണ് കാര്യമായി ആശ്രയിക്കുന്നതും.
പ്ലസ്വണിൽ കുട്ടികളെ കുത്തിനിറച്ചു; വിജയം ഇടിഞ്ഞു
പ്ലസ്വൺ ബാച്ചുകളിലേക്ക് സർക്കാർ നിശ്ചയിച്ച കുട്ടികളുടെ എണ്ണം 50 ആണ്. എന്നാൽ വയനാട്ടിലടക്കം മതിയായ പ്ലസ് വൺ സീറ്റില്ലെന്ന യാഥാർഥ്യം പുറത്തുവന്നപ്പോൾ ബാച്ച് വർധിപ്പിക്കാതെ നിലവിലുള്ള ഓരോ ബാച്ചിലും 65 കുട്ടികളെ വരെ പ്രവേശിപ്പിച്ച് താൽക്കാലികമായി സീറ്റ് വർധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഇതിനാൽ, ഇത്തരത്തിൽ പഠന നിലവാരത്തെ മോശമായി ബാധിക്കുന്ന രൂപത്തിൽ കുട്ടികളുടെ എണ്ണം വർധിച്ചു. അത് ഹയർ സെക്കൻഡറി ഫലത്തിലും പ്രകടമായി. 78.69 ശതമാനമാമെന്ന 2010നു ശേഷമുള്ള ഏറ്റവും മോശം പരീക്ഷ ഫലമായിരുന്നു സംസ്ഥാനത്ത് ഇത്തവണ. വയനാട്ടിലും വിജയശതമാനത്തിൽ വൻ കുറവുണ്ടായി. ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയില് 72.13 ശതമാനമായിരുന്നു ഇത്തവണ വിജയം. കഴിഞ്ഞ വർഷം 76.9 ശതമാനമായിരുന്നു. മുൻ വർഷത്തേക്കാളും 4.77 ശതമാനം കുറവാണ് വയനാട്ടിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.