പ്ലസ് വൺ പ്രവേശനം: ഫലം വന്നാൽ മൂന്ന് ദിവസം കൂടി അനുവദിക്കണം
text_fieldsകൊച്ചി: സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ ഫലം വന്നശേഷം മൂന്ന് പ്രവൃത്തി ദിനങ്ങൾ കൂടി അനുവദിക്കണമെന്ന് ഹൈകോടതി. സി.ബി.എസ്.ഇ വിദ്യാർഥികൾക്കും അവസരമൊരുക്കാനായി പ്ലസ് വൺ അപേക്ഷ തീയതി നീട്ടിയ സിംഗിൾബെഞ്ച് നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്ന ദിനം ഉൾപ്പെടെ മൂന്ന് പ്രവൃത്തി ദിവസം അനുവദിക്കാനാണ് നിർദേശം.
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ മേയ് 22 വരെയാണ് സർക്കാർ സമയം നൽകിയിരുന്നത്. എന്നാൽ, ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടഞ്ചേരി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിെലയും കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിെലയും പി.ടി.എ പ്രസിഡൻറുമാർ കോടതിയെ സമീപിച്ചു. തുടർന്ന് അപേക്ഷ നൽകാനുള്ള തീയതി ജൂൺ അഞ്ചുവരെ നീട്ടി. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ ജൂൺ രണ്ടാം വാരത്തോടെ മാത്രമേ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാൻ കഴിയൂവെന്ന് സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു. ഇൗ സാഹചര്യത്തിൽ ഫലം വരുന്നത് വരെ അേപക്ഷാ തീയതി നീട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന 72,000 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസരം നഷ്ടപ്പെടുമെന്ന് കോടതി വിലയിരുത്തി. എന്നാൽ, കഴിഞ്ഞ വർഷം 42,000 സി.ബി.എസ്.ഇ വിദ്യാർഥികൾ മാത്രമാണ് അപേക്ഷിച്ചതെന്നും തീയതി നീട്ടി നൽകുന്നത് പ്രവേശന നടപടികളെ മാത്രമല്ല ക്ലാസ് തുടങ്ങുന്നതിനെയും അധ്യയന ദിവസങ്ങളെയും ബാധിക്കുമെന്നും സർക്കാർ വാദിച്ചു. മൂന്നാഴ്ചയോളം പ്രവേശന നടപടികൾ വൈകുന്നത് കാര്യമായ പ്രശ്നം ഉണ്ടാക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു. തുടർന്ന് മൂന്ന് ദിവസം നീട്ടി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പ്ലസ് വൺ പ്രവേശനം:
സമയക്രമം പുതുക്കും
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സമയക്രമം പുതുക്കിപ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള അപേക്ഷാതീയതി നീട്ടിയ ഹൈകോടതി ഉത്തരവിനെതിെര സർക്കാർ നൽകിയ അപ്പീൽ തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അനുസൃതമായിട്ടായിരിക്കും പുതുക്കിയ സമയക്രമം നിശ്ചയിക്കുക. ജൂൺ 14ന് ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കുന്ന തരത്തിലാണ് നേരത്തെ സമയക്രമം നിശ്ചയിച്ചിരുന്നത്. ഇതിൽ മാറ്റംവരും. സി.ബി.എസ്.ഇ ഫലം എന്ന് വരുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഫലം വന്നശേഷം വിദ്യാർഥികൾക്ക് മൂന്ന് ദിവസം കൂടി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ സമയംനൽകണമെന്നാണ് കോടതിനിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.