പ്ലസ് വൺ അലോട്ട്മെന്റ്; ബാഹ്യഇടപെടലിന് വഴിതുറക്കുന്ന ശിപാർശയുമായി കാർത്തികേയൻ കമ്മിറ്റി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക പ്രവേശനത്തിൽ ബാഹ്യഇടപെടലിന് വഴിയൊരുക്കുന്ന വിധത്തിൽ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ. നിലവിൽ അലോട്ട്മെന്റ് നടപടികൾ നടത്തുന്ന ഐ.സി.ടി സെൽ പ്രവർത്തിക്കുന്നത് ഭരണപരമായി ശരിയല്ലാത്ത നിലയിലാണെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ സെക്ഷനുമായി സെല്ലിനെ ബന്ധിപ്പിക്കണമെന്നും ശിപാർശ ചെയ്യുന്നു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകൾ ക്ലർക്ക്, സൂപ്രണ്ട്, അസി. ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരൊന്നും കാണുന്നില്ല. ഈ രീതി മാറ്റണമെന്നാണ് നിർദേശം. തീർത്തും മെറിറ്റടിസ്ഥാനത്തിലും ബാഹ്യഇടപെടലുകൾ ഇല്ലാതെയും നടത്തേണ്ട ഏകജാലക അലോട്ട്മെന്റ് നടപടികളിൽ ക്ലർക്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് ഇടപെടാൻ വഴിയൊരുക്കുന്ന മാറ്റമാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നത്.
സ്വതന്ത്രവും സുതാര്യവുമായ സംവിധാനം വേണമെന്ന നിർദേശത്തെ തുടർന്നാണ് 2008 നവംബറിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ നിർദേശപ്രകാരം ഐ.സി.ടി സെൽ രൂപവത്കരിച്ചത്. സെൽ പ്രവർത്തനം ഹയർ സെക്കൻഡറി ഡയറക്ടർ, അക്കാദമിക് ജോയന്റ് ഡയറക്ടർ എന്നിവരുടെ നിയന്ത്രണത്തിലുമാക്കി. ജീവനക്കാരുടെ നിയന്ത്രണം ഡയറക്ടർക്കാണ്.
പ്രവേശന നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ രൂപവത്കരിച്ച സെല്ലിനെ ‘സമാന്തര സംവിധാനം’ എന്നാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള സെല്ലിന്റെ പ്രവർത്തനങ്ങളിൽ ക്ലർക്ക് മുതലുള്ളവർക്ക് ഇടപെടാൻ വഴിയൊരുക്കുന്നത് പ്രവേശന നടപടികളിൽ ബാഹ്യ ഇടപെടലിനുള്ള വഴിതുറക്കുമെന്നതാണ് ഉയരുന്ന ആശങ്ക.
അതേസമയം, സർക്കാറിന്റെ സ്പെഷൽ ഓർഡർ പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം മാസങ്ങളോളം നീണ്ടത് അക്കാദമികമായി തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒഴിവുള്ള സീറ്റിലേക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്പെഷൽ ഓർഡർ നൽകിയാൽ മതി. അധിക സീറ്റ് ആവശ്യമായി വരുന്നവയിൽ സർക്കാർ ഉത്തരവ് മതി. സ്പെഷൽ ഓർഡർ കൂടി ചേർത്ത് ബാച്ചിൽ 60 വിദ്യാർഥികൾ കൂടില്ലെന്ന് ഉറപ്പാക്കണം. ഏകജാലക പ്രവേശനം പൂർത്തിയാക്കി ഒരുമാസത്തിനുള്ളിൽ സ്പെഷൽ ഓർഡർ അഡ്മിഷനും പൂർത്തിയാക്കണം. സ്പെഷൽ ഓർഡറിന് അനുവദിക്കുന്നതിന് സമയപരിധി ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.