പ്ലസ് വൺ അലോട്ട്മെൻറായി; പകുതിയും പുറത്ത്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷ നൽകിയ 4,65,219 പേരിൽ 2,46,801 പേരും ആദ്യ അലോട്ട്മെൻറിൽ പുറത്തായി. അതേസമയം മുന്നാക്കസംവരണ വിഭാഗത്തിൽ അപേക്ഷകരെക്കാൾ കൂടുതൽ സീറ്റ്. സർക്കാർ സ്കൂളുകളിലെ ആകെ സീറ്റിെൻറ പത്ത് ശതമാനമാണ് കഴിഞ്ഞവർഷം മുതൽ മുന്നാക്കസംവരണത്തിന് നീക്കിവെച്ചത്. ഇതുപ്രകാരം ഇൗ വർഷം 15,899 സീറ്റാണ് 14 ജില്ലകളിലായുള്ളത്. ഇതിൽ 10,596 അപേക്ഷകർ മാത്രമാണുണ്ടായിരുന്നത്. ഇവർക്കെല്ലാം അലോട്ട്മെൻറ് നൽകിയിട്ടും 5,303 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.
മുന്നാക്കസംവരണത്തിൽ കൂടുതൽ സീറ്റ് ഒഴിവുള്ളത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 2,712 സീറ്റ് മുന്നാക്കസംവരണക്കാർക്ക് മാറ്റിവെച്ചപ്പോൾ അലോട്ട്മെൻറ് നേടിയത് 682 പേർ മാത്രം. 2,030 സീറ്റ് ബാക്കി. മലപ്പുറത്ത് ആകെ 77,837 അപേക്ഷകരിൽ 46,955 പേർക്കും അലോട്ട്മെൻറ് ലഭിക്കാതിരിക്കുേമ്പാഴാണ് മുന്നാക്ക സംവരണത്തിൽ 75 ശതമാനം സീറ്റും ഒഴിഞ്ഞുകിടക്കുന്നത്.
പാലക്കാട് 690ഉം കോഴിക്കോട് 415ഉം കണ്ണൂരിൽ 885ഉം കാസർകോട് 537ഉം സീറ്റ് മുന്നാക്കസംവരണത്തിൽ ഒഴിഞ്ഞുകിടക്കുന്നു. ഇത്തവണ 20 ശതമാനം സീറ്റ് ആനുപാതിക വർധന വഴി, ബാച്ചുകളിൽ 60 വീതം സീറ്റുകളുള്ള ജില്ലകളിൽ ഒാരോ ബാച്ചിൽനിന്നും ആറ് വീതം സീറ്റും 50 കുട്ടികളുള്ള ബാച്ചുകളിൽനിന്ന് അഞ്ച് വീതം സീറ്റുമാണ് മുന്നാക്കസംവരണത്തിനായി വിട്ടുനൽകിയത്.
ഇൗഴവ വിഭാഗങ്ങൾക്ക് സംവരണത്തിലൂടെ നീക്കിവെച്ച 13,038 സീറ്റിൽ 12,989 ലേക്കും മുസ്ലിം വിഭാഗത്തിന് നീക്കിവെച്ച 11,162 സീറ്റിൽ 11,015 ലേക്കും അലോട്ട്മെൻറ് പൂർത്തിയായി. പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽ മുസ്ലിം സംവരണ സീറ്റുകളിൽ ഒന്നുപോലും ബാക്കിയില്ല. ഒന്നാം അലോട്ട്മെൻറിൽ ഒഴിവുള്ള സംവരണ സീറ്റുകൾ രണ്ടാം അലോട്ട്മെൻറിൽ ജനറൽ മെറിറ്റ് സീറ്റിലേക്ക് ചേർക്കും. അലോട്ട്മെൻറ് ലഭിക്കാത്ത 2,46,801 പേർക്കായി അവശേഷിക്കുന്നത് ആദ്യ അലോട്ട്മെൻറിൽ ബാക്കിയുള്ള 52,718 സീറ്റും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളുമാണ്. മാനേജ്മെൻറ് ക്വോട്ടയിൽ 38,799 ഉം കമ്യൂണിറ്റി ക്വോട്ടയിൽ 21,459 സീറ്റുമാണുള്ളത്. ഇതിന് പുറമെ 55,157 സീറ്റുകൾ അൺഎയ്ഡഡ് മേഖലയിലുമുണ്ട്. ഫീസ് കൊടുത്തുള്ള പഠനമായതിനാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിച്ച കുട്ടികളിൽ മഹാഭൂരിഭാഗവും അൺഎയ്ഡഡ് സ്കൂൾ തെരഞ്ഞെടുക്കാറില്ല. ഫലത്തിൽ പുറത്തുനിൽക്കുന്ന രണ്ടര ലക്ഷത്തോളം വിദ്യാർഥികൾക്ക് അൺഎയ്ഡഡ് സീറ്റുകൾ കൂടി പരിഗണിച്ചാൽ സാധ്യതയുള്ളത് 1,68,133 സീറ്റാണ്. 78,668 കുട്ടികൾക്ക് സീറ്റില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.