പ്ലസ് വൺ പ്രതിസന്ധിയുടെ ഉത്തരവാദിത്വം ആര് ഏൽക്കും?
text_fieldsമലബാറിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് ഉത്തരവാദി ആര്? ഇടത് മുന്നണിയെന്നാണ് ടി.വി. ഇബ്രാഹിമിന്റെ പക്ഷം. യു.ഡി.എഫ് എന്നതിൽ കെ.ടി. ജലീലിന് സംശയമില്ല. ഇടതു സർക്കാർ പ്ലസ് ടു അനുവദിച്ചപ്പോൾ മലബാർ ജില്ലകളോട് കാട്ടിയ വിവേചനത്തിന്റെയും യു.ഡി.എഫ് അനുവദിച്ചതിന്റെയും കണക്കുകൾ ഇബ്രാഹിം വിശദീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിട്ടും കോൺഗ്രസിനെ പേടിച്ച് ലീഗ് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ ജലീലിൽ, ഇടതുകാലത്ത് അനുവദിച്ചതിന്റെ കണക്കുകൾ നിരത്തി. കണക്കുകൾ അങ്ങനെയാണ്. ഓരോരുത്തരും അവർക്ക് അനുകൂലമാകുന്ന കണക്കുകൾ മാത്രം കാണും.
‘നിങ്ങൾ ചെയ്യാത്തതാണോ മറ്റുള്ളവർ ചെയ്യണമെന്ന് കൽപിക്കുന്നത്? അതിനെക്കാൾ വലിയ പാപം മറ്റൊന്നില്ല’ എന്ന ഖുർആൻ വാക്യമാണ് ജലീലിന് ലീഗിനെ ഓർമിപ്പിക്കാനുണ്ടായിരുന്നത്. പ്ലസ് വണിന് ഫീസ് കൊടുത്ത് പഠിക്കുന്നതിനെതിരെ ഘോരഘോരം പറയുന്നവർ ഒന്നുമുതൽ 10 വരെ ഫീസ് കൊടുക്കുന്നതിനെ കുറിച്ച് മൗനം പാലിക്കുന്നതിലെ വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാശ്രയത്തോട് എതിർപ്പ് പറയുന്ന ജലീൽ മന്ത്രിയായപ്പോൾ ഗവ.-എയ്ഡഡ് കോളജുകൾ നൽകുന്നതിനു പകരം സ്വാശ്രയ കോളജുകളാണ് നൽകിയതെന്ന് ഇബ്രാഹിം തിരിച്ചടിച്ചു.
എന്തിലും ഭിന്ന നിലപാടുള്ള ഭരണ-പ്രതിപക്ഷ കക്ഷികൾ നീറ്റ് ക്രമക്കേടിൽ ഒറ്റക്കെട്ടാകുന്നതിന് സഭ സാക്ഷിയായി. ക്രമക്കേടുകളും കുട്ടികൾ നേരിടുന്ന പ്രതിസന്ധിയും രണ്ട് മണിക്കൂർ ചർച്ച ചെയ്ത സഭ ഐകണ്ഠ്യേന പ്രമേയം പാസാക്കി. നിലപാട് ഒന്നാണെങ്കിലും മുള്ളും മുനയും ഇല്ലാതില്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ബൈബിൾ വചനം മാത്യു കുഴൽനാടൻ ഓർമിപ്പിച്ചു. 2008ലെ കേരള സർവകലാശാല പരീക്ഷ തട്ടിപ്പ്, 2018ലെ പി.എസ്.സി പരീക്ഷ തട്ടിപ്പ് എന്നിവ ഉന്നയിച്ചതോടെ ഭരണപക്ഷം അസ്വസ്ഥരായി. സാഹചര്യത്തിന് പറ്റാത്ത പരാമർശം, ഔട്ട് ഓഫ് സിലബസ് എന്ന് സ്പീക്കർ. എല്ലാവരും പഠിക്കേണ്ട പാഠമാണെന്നും പരീക്ഷ തട്ടിപ്പുകളെ എന്തിന് ന്യായീകരിക്കുന്നെന്നും കുഴൽനാടൻ. ‘പൂജ്യം പ്ലസ് പൂജ്യം സമം 428’എന്ന ഫോർമുല ആരുടെ കാലത്താണെന്ന് മറക്കരുതെന്ന് മന്ത്രി ആർ. ബിന്ദു. പൊതുവികാരത്തിന് അനുസരിച്ചാണോ മന്ത്രി എന്നായി പ്രതിപക്ഷം. അവിടെ ഇരിക്ക് എന്ന് പഴയ അധ്യാപിക കൂടിയായ മന്ത്രി. പരീക്ഷയിൽ കോപ്പിയടിച്ചവർ പോലും പിന്നീട് സാമൂഹികാംഗീകാരങ്ങൾ നേടുന്നത് അപലപനീയമാണെന്ന് മന്ത്രി പറഞ്ഞതിലെ ലക്ഷ്യം വ്യക്തമായിരുന്നു. ഭരണപക്ഷം ഡെസ്കിലടിച്ച് സന്തോഷിച്ചു.
നാഷനൽ ടെസ്റ്റിങ് ഏജൻസി നാഷനൽ തട്ടിപ്പ് ഏജൻസിയായെന്ന് യു. പ്രതിഭ. ബി.ജെ.പിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നതെന്നും വ്യാപം അഴിമതി ഉദാഹരിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ എങ്ങനെ വരുമെന്ന് സംശയിക്കണമെന്നും എം.കെ. മുനീർ. നീറ്റ് ചോർച്ചയിലും മാധ്യമങ്ങൾക്കുനേരേ ആയിരുന്നു ഭരണപക്ഷത്തിന്റെ കുന്തമുന. കുംഭകോണം പൊതുസമൂഹത്തിന് മുന്നിലെത്തിച്ച മാധ്യമങ്ങളെ പ്രതിപക്ഷം അഭിനന്ദിച്ചു.
വിലക്കയറ്റം രൂക്ഷമായതോടെ മലയാളികൾ മുരിങ്ങയ്ക്ക ഇല്ലാത്ത അവിയൽ വെക്കേണ്ടിവരുമെന്ന് റോജി എം. ജോൺ. വിലക്കയറ്റത്തിനെതിരെ നടപടിയെടുത്തത് ഭക്ഷ്യമന്ത്രി വിശദീകരിക്കുമ്പോൾ കൂടുതൽ പരിഗണന നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.