പ്ലസ് വൺ പ്രവേശനം: സപ്ലിമെൻററി അലോട്ട്മെൻറിലും മലബാർ ഔട്ട്
text_fieldsതിരുവനന്തപുരം: സപ്ലിമെൻററി ഉൾപ്പെടെ നാല് അലോട്ട്മെൻറ് പൂർത്തിയായിട്ടും മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിയാത്ത വിദ്യാഭ്യാസവകുപ്പ് ഒഴിഞ്ഞുകിടക്കുന്ന അൺഎയ്ഡഡ് സീറ്റ് ചൂണ്ടിക്കാട്ടി സീറ്റുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നു. സപ്ലിമെൻററി ഘട്ടം മുതൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഉയർന്ന തുക ഫീസ് നൽകി പഠിക്കേണ്ട അൺഎയ്ഡഡ് സീറ്റുകൾ ഉൾപ്പെടുത്തിയ പട്ടിക പ്രസിദ്ധീകരിച്ചാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ പ്രചാരണ തന്ത്രം. വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഏകജാലക പ്രവേശനത്തിന്റെ പരിധിയിൽ വരാത്ത സീറ്റുകളാണിത്.
സ്കൂൾ മാനേജ്മെൻറുകൾ ഇഷ്ടപ്രകാരം പ്രവേശനം നടത്തുന്ന അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ മെറിറ്റ് സീറ്റിനൊപ്പം ചേർത്താണ് ഒഴിവുള്ള സീറ്റുകളുടെ പട്ടിക പുറത്തിറക്കിയത്. എയ്ഡഡ് സ്കൂളുകളിൽ ഒഴിവുള്ള മാനേജ്മെൻറ് ക്വോട്ട സീറ്റുകളും ഏകജാലക പ്രവേശനത്തിനുള്ള ഒഴിവുകളുടെ പട്ടികയിലുണ്ട്. ഒഴിവുള്ള മാനേജ്മെൻറ് സീറ്റ് ഇതുവരെ മെറിറ്റ് സീറ്റിലേക്ക് മാറ്റിയിട്ടുമില്ല.
13,654 പേർക്ക് സീറ്റില്ലാത്ത മലപ്പുറം ജില്ലയിൽ ഒഴിവുള്ള 9872 അൺഎയ്ഡഡ് സീറ്റുകളും 3184 മാനേജ്മെൻറ് ക്വോട്ട സീറ്റുകളും ചേർത്ത് 13,060 സീറ്റ് ഒഴിവുണ്ടെന്ന കണക്കാണ് ഹയർ സെക്കൻഡറി വിഭാഗം തയാറാക്കി പ്രസിദ്ധീകരിച്ചത്. എന്നാൽ, ജില്ലയിൽ ഏകജാലക പ്രവേശന പരിധിയിൽ വരുന്ന മെറിറ്റ് സീറ്റുകൾ ഒഴിവുള്ളത് കേവലം നാലെണ്ണം മാത്രമാണ്.
മലപ്പുറം ജില്ലയിൽ ഉൾപ്പെടെ ഫീസ് നൽകി പഠിക്കേണ്ട അൺഎയ്ഡഡ് സീറ്റുകളിൽ നല്ലൊരു ശതമാനവും വർഷങ്ങളായി ഒഴിഞ്ഞുകിടക്കാറാണ് പതിവ്. ഇത് മറച്ചുവെച്ചാണ് സീറ്റുണ്ടെന്ന സർക്കാർ പ്രചാരണത്തിന് ശക്തി പകരാൻ അൺഎയ്ഡഡ് സീറ്റ് കൂടി ചേർത്ത് പട്ടിക തയാറാക്കിയത്.
സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ 67,596 അപേക്ഷകരിൽ 35,163 പേർക്ക് പ്രവേശനം ഉറപ്പായി. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെൻറും ഒരു സപ്ലിമെൻററി അലോട്ട്മെൻറും ഉൾപ്പെടെ നാല് അലോട്ട്മെൻറുകൾ കഴിഞ്ഞിട്ടും ഇനിയും സീറ്റില്ലാത്തത് 32,433 പേർക്ക്. ഇതിൽ 27,046 പേർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിലുള്ളവരാണ്.
കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്; 13651. ഇവർക്കായി ശേഷിക്കുന്നത് നാല് മെറിറ്റ് സീറ്റുകൾ മാത്രം.മലബാറിൽ ഇനി ശേഷിക്കുന്ന ആകെ മെറിറ്റ് സീറ്റുകൾ 1781 മാത്രം. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് നാല് വരെ പ്രവേശനം നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.