പ്ലസ് വൺ പ്രവേശനം: പണപ്പിരിവ് പിടിക്കാൻ വിജിലൻസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ മെറിറ്റ് സീറ്റിൽ പ്രവേശനത്തിന് വരുന്നവരിൽനിന്ന് പി.ടി.എ ഫണ്ടിന്റെ മറവിൽ പണപ്പിരിവ് നടക്കുന്നെന്ന വാർത്തയിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന് നിർദേശം നൽകി. പണപ്പിരിവ് സംബന്ധിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗത്തിന്റെ ഇടപെടലിനും വിദ്യാഭ്യാസ വകുപ്പിൽനിന്ന് നിർദേശം പോയിട്ടുണ്ട്.
അനധികൃത പണപ്പിരിവ് തടയാൻ വകുപ്പിൽ വിവിധ തലങ്ങളിൽ രൂപവത്കരിച്ച സ്ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച് ‘മാധ്യമം’ ഉൾപ്പെടെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. തലസ്ഥാനത്തെ ഉൾപ്പെടെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിലാണ് പ്രവേശനത്തിനെത്തുന്നവരിൽനിന്ന് നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ആയിരക്കണക്കിന് രൂപ പിരിക്കുന്നത്. പി.ടി.എ ഭാരവാഹികളാണ് പ്രിൻസിപ്പൽമാരുടെ അറിവോടെ പണപ്പിരിവിന് നേതൃത്വം നൽകുന്നത്. 30,000 രൂപവരെയാണ് പല സ്കൂളുകളിലും നിർബന്ധപൂർവം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.