പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; ജൂൺ രണ്ട് മുതൽ മോഡൽ, പരീക്ഷ ജൂൺ 13മുതൽ
text_fieldsതിരുവനന്തപുരം: ജൂൺ രണ്ടിന് ആരംഭിക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ മാതൃക പരീക്ഷ ജൂണ്‍ രണ്ട് മുതൽ ഏഴുവരെ നടത്തും. പ്ലസ് വൺ വാർഷിക പരീക്ഷ ജൂണ്‍ 13 മുതൽ 30 വരെയാണ്. രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.
സംസ്ഥാനത്ത് ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്കൂൾ തുറക്കലിനു ജൂൺ ഒന്നിനു വിപുലമായ പ്രവേശനോൽസവം നടത്തും. സംസ്ഥാനതല ഉദ്ഘാടനം കോവിഡ് മാര്‍ഗരേഖ പിന്തുടന്ന് തിരുവനന്തപുരത്തു നടക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസ് ജൂലായ് ഒന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മേയ് രണ്ടാമത്തെ ആഴ്ച മുതല്‍ അവസാന ആഴ്ച വരെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
സര്‍ക്കാര്‍ സ്കൂളുകളിലും 3365 എയിഡഡ് സ്കൂളുകളിലും അടക്കം ആകെ 7077 സ്കൂളുകളിലെ 9,58,060 കുട്ടികൾക്ക് കൈത്തറി യൂനിഫോം നല്‍കും. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുക. യൂനിഫോം സ്കൂളിനും പി.ടി.എക്കും തീരുമാനിക്കാമെന്നും വിവാദമാകുന്ന യൂനിഫോമുകള്‍ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.
2022–23 വർഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28ന് തലസ്ഥാനത്ത് നടത്തും. 288 ടൈറ്റിലുകളിലായി 2,84,22,06 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിതരണത്തിനായി തയാറാകുന്നത്. അധ്യാപക നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ സമന്വയ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തും.
എസ്.എസ്.എൽ.സി പരീക്ഷക്കായി പരീക്ഷ മാന്വലും സ്കൂൾ പ്രവൃത്തികൾക്കായി സ്കൂൾ മാന്വലും തയാറാക്കും. 12,306 സ്കൂളുകളിൽ കൂടുതൽ മെച്ചപ്പെട്ട ഉച്ചഭക്ഷണം നൽകും. എല്ലാ സ്കൂളിലും പച്ചക്കറി കൃഷി ആരംഭിക്കൽ, എല്ലാ സ്കൂളിലും പൂർവ വിദ്യാർഥി സംഘടന രൂപവത്കരിക്കൽ എന്നിവയും നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.