പ്ലസ് വൺ മുന്നാക്ക സംവരണം: ആളില്ലാ സീറ്റുകൾ കൂടുതൽ സീറ്റില്ലാ ജില്ലകളിൽ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ കുട്ടികളില്ലാതെ മുന്നാക്ക സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളിൽ. മുന്നാക്ക സംവരണത്തിനായി മെറിറ്റിൽനിന്ന് എടുത്ത 16711 സീറ്റുകളിൽ 7744 എണ്ണത്തിലേക്ക് മാത്രമാണ് അലോട്ട്മെൻറ് നടന്നത്. അപേക്ഷകരില്ലാത്തതിനാൽ 8967 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ മൊത്തം അപേക്ഷകരിൽ 38.24 ശതമാനം അപേക്ഷകർക്ക് മാത്രം സീറ്റ് ലഭിച്ച മലപ്പുറത്താണ് ഏറ്റവും കൂടുതൽ മുന്നാക്ക സംവരണ സീറ്റിൽ ആളില്ലാത്തത്. ഇവിടെ 2712 സീറ്റുകളാണ് ഇൗ വർഷം നടപ്പാക്കിയ മുന്നാക്ക സംവരണത്തിനായി ഒാപൺ മെറിറ്റിൽനിന്ന് തരംമാറ്റിയത്. ഇതിൽ 377 പേർക്കാണ് അലോട്ട്മെൻറ് നൽകിയത്. 2335 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. മുന്നാക്ക സംവരണത്തിനായി ജില്ലയിൽ നീക്കിവെച്ച സീറ്റുകളിൽ 13.9 ശതമാനത്തിലേക്ക് മാത്രമേ അപേക്ഷകരുള്ളൂ.
സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ നെേട്ടാട്ടമോടുന്ന ജില്ലയിലാണ് ഇത്രയധികം സീറ്റുകൾ മുന്നാക്ക സംവരണത്തിന് നീക്കിവെച്ചതും അലോട്ട്മെൻറ് ഇല്ലാതെപോയതും. കണ്ണൂരിൽ 1746 മെറിറ്റ് സീറ്റുകളാണ് മുന്നാക്ക സംവരണത്തിനായി നീക്കിവെച്ചത്. എന്നാൽ, യോഗ്യരായ അപേക്ഷകരെത്തിയതും അലോട്ട്മെൻറ് ലഭിച്ചതും 425 പേർക്ക് മാത്രം. 1321 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു.
കോഴിക്കോട് ജില്ലയിൽ 1560 സീറ്റിൽ 795 സീറ്റിലാണ് അലോട്ട്മെൻറ്. അവശേഷിക്കുന്നത് 765 സീറ്റുകൾ.
പാലക്കാട് ജില്ലയിൽ 1548 മുന്നാക്ക സീറ്റുകളിൽ അപേക്ഷകരുള്ളത് 576 പേർ മാത്രം. 972 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. കാസർകോട് ജില്ലയിൽ 1026 സീറ്റുകളാണ് മുന്നാക്ക സംവരണത്തിനുള്ളത്. അലോട്ട്മെൻറ് ലഭിച്ചത് 305 പേർക്ക് മാത്രം.
അവശേഷിക്കുന്നത് 721 സീറ്റുകൾ. ഏറ്റവും കൂടുതൽ വിദ്യാർഥികൾ മുന്നാക്ക സംവരണത്തിൽ അലോട്ട്മെൻറ് നേടിയത് തിരുവനന്തപുരത്താണ്. ഇവിടെ 1504 സീറ്റുകളിൽ 1234 എണ്ണത്തിലേക്ക് അലോട്ട്മെൻറ് നടന്നു. കൊല്ലത്ത് 1185 സീറ്റുകളിൽ 1109 സീറ്റുകളിലേക്കും അലോട്ട്മെൻറ് നടന്നു.
പത്തനംതിട്ടയിൽ 484 സീറ്റുകളിൽ 252ലേക്കും ആലപ്പുഴയിൽ 805ൽ 537ലേക്കും കോട്ടയത്ത് 621ൽ 347ലും ഇടുക്കിയിൽ 492ൽ 217ലേക്കും എറണാകുളത്ത് 1139ൽ 578ലേക്കും തൃശൂരിൽ 1289ൽ 748 സീറ്റിലേക്കുമാണ് മുന്നാക്ക സംവരണപ്രകാരം അലോട്ട്മെൻറ് നടന്നത്.
കഴിഞ്ഞവർഷം ജനറൽ മെറിറ്റിൽ നികത്തിയ 16711 സീറ്റുകൾ ഇത്തവണ മുന്നാക്ക സംവരണത്തിനായി മാറ്റിയതോടെ മെറിറ്റിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർഥികളുടെ അവസരമാണ് നഷ്ടമായത്.
ഒഴിവുള്ള 8967 മുന്നാക്ക സംവരണ സീറ്റുകൾ അടുത്തഘട്ടത്തിൽ ജനറൽ മെറിറ്റിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.