പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഈ വർഷം ജൂലൈ/ആഗസ്റ്റിൽ തന്നെ
text_fieldsതിരുവനന്തപുരം: പ്ലസ്വൺ ഇംപ്രൂവ്‌മെൻറ് / സപ്ലിമെൻററി പരീക്ഷകൾ ജൂലൈ/ആഗസ്റ്റിൽ നടത്തിയിരുന്നത് നിർത്തലാക്കി മാർച്ചിൽ റെഗുലർ പരീക്ഷക്കൊപ്പം നടത്താനുള്ള തീരുമാനം ഈ വർഷം നടപ്പാക്കില്ല. ഈ വർഷം കഴിഞ്ഞ വർഷത്തേതുപോലെ പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ശനിയാഴ്ച അടിയന്തരമായി ഓൺലൈനിൽ വിളിച്ചുചേർത്ത ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് സമിതി യോഗമാണ് പരീക്ഷ ഈ വർഷവും കഴിഞ്ഞ വർഷത്തെ രീതിയിൽ തുടരാൻ ശിപാർശ ചെയ്തത്. ഇതിനു വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകുകയായിരുന്നു. മുന്നറിയിപ്പില്ലാതെ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ റദ്ദാക്കി മാർച്ചിലെ റെഗുലർ പരീക്ഷക്കൊപ്പം നടത്താനുള്ള സർക്കാർ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇൗ വർഷം കൂടി പഴയ രീതി തുടരാൻ തീരുമാനിച്ചത്. സർക്കാർ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് പരീക്ഷക്കുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. സെപ്റ്റംബറിൽ പരീക്ഷ നടത്താനാണ് ആലോചന. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പരീക്ഷകളുടെ ആധിക്യം ഹയർസെക്കൻഡറിയിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ഇംപ്രൂവ്മെൻറ് പരീക്ഷ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്താൻ കഴിഞ്ഞ ഏപ്രിൽ 26ന് ഉത്തരവിറക്കിയത്. പരീക്ഷ നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസം വേണം. ഇൗ സാഹചര്യത്തിലാണ് ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷകൾ മാർച്ചിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ, ഒന്നാം വർഷ പരീക്ഷ എഴുതുന്നതിന് മുമ്പ് ഈ ഉത്തരവ് വരാത്തതിനാൽ വിദ്യാർഥികൾ ഈ വർഷം കൂടി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ കഴിഞ്ഞവർഷത്തേതുപോലെ തുടരണമെന്ന് അഭ്യർഥിച്ചതിനാൽ അതു ഉൾക്കൊണ്ടാണ് ഇൗ വർഷം കൂടി കഴിഞ്ഞ വർഷത്തേതുപോലെ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ ഈ പരീക്ഷകളും രണ്ടാം വർഷ വാർഷിക പരീക്ഷയോടൊപ്പമായിരിക്കും നടത്തുകയെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.