പ്ലസ് വൺ: മലപ്പുറമടക്കം ചില ജില്ലകളില്‍ 26481 സീറ്റ് കുറവെന്ന് മന്ത്രി ശിവന്‍കുട്ടി; കണക്ക് തെറ്റെന്ന് ഡോ. എം.കെ. മുനീർ
text_fieldsതിരുവനന്തപുരം: പ്ലസ് വണ്ണില്‍ 26481 സീറ്റുകള്‍ കുറവുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മലപ്പുറത്തുള്‍പ്പെടെ ചില ജില്ലകളില്‍ സീറ്റ് കുറവാണ്. ചില ജില്ലകളില്‍ സീറ്റ് ഒഴിവുമുണ്ട്. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്നും യഥാർഥ കണക്ക്ഇതിനേക്കാൾ എത്രയോ അധികം വരുെമന്നും ഡോ. എം.കെ. മുനീർ എം.എൽ.എ ചൂണ്ടിക്കാട്ടി.
വടക്കൻ ജില്ലകളിലെ പ്ലസ് വൺ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. സീറ്റിന്‍റെ കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണെന്ന് എം.കെ. മുനീർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കുട്ടികളുടെ തുടര്‍ പഠനത്തിന്‍റെ ചിറകരിയരുത്. സാധാരണ വാര്‍ഷിക സീറ്റ് വര്‍ധനകൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് മാത്രം കാൽലക്ഷത്തിലധികം വിദ്യാർഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 75,554 പേർ എസ്.എസ്.എൽ.സിയിൽനിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയ ജില്ലയിൽ ആനുപാതിക സീറ്റ് വർധന കൂടി ചേർത്താൽ അരലക്ഷത്തിൽപരം പേർക്ക് മാത്രമാണ് അവസരം ലഭിക്കുക. സി.ബി.എസ്.ഇ ഉൾപ്പെടെ മറ്റു സിലബസുകളിലുള്ളവർ വേറെയുമുണ്ട്. ഇതര ജില്ലകളിൽ പരീക്ഷയെഴുതിയവരും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും തിരിച്ചെത്തിയവർ കൂടിയാവുമ്പോൾ പത്താം ക്ലാസ് കഴിഞ്ഞവരുടെ എണ്ണം ജില്ലയിൽ 80,000 കടക്കും.
ജില്ലയിൽ സർക്കാർ^എയ്ഡഡ് മേഖലയിൽ നോൺ മെറിറ്റിലടക്കം നിലിവിലുള്ളത് 41,950 സീറ്റുകളാണ്. 20 ശതമാനം സീറ്റ് വര്‍ധനയിൽ സര്‍ക്കാര്‍ 452, എയ്ഡഡ് തലത്തില്‍ 387 ബാച്ചുകളിലായി ആകെ 839 ബാച്ചുകളില്‍ 10 സീറ്റുകള്‍ വീതം അധികമായി ലഭിക്കും. ആകെ വര്‍ധിക്കുക 8,390 സീറ്റുകൾ വർധിക്കും. സ്പോർട്സ് േക്വാട്ട ഉൾപ്പെടെ ചേർത്താൽ 50,340 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കും. ഇത്തവണ 76,014 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 75,554 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
അടുത്ത ഘട്ടത്തിൽ 10 ശതമാനം സീറ്റ് വർധന വരുത്തിയാലും 4195 പേർക്ക് കൂടിയേ അവസരമുണ്ടാവൂ. ഇതിന് എയ്ഡഡ് സ്കൂളുകൾ തയാറാവുകയും വേണം. 20 ശതമാനം സീറ്റ് വർധനയോടെ ഇപ്പോൾ തന്നെ ഓരോ ക്ലാസിലും 60 പേരായി. 10 ശതമാനം സീറ്റ് കൂടി വർധിപ്പിച്ചാൽ 65 ആയി ഉയരും. എങ്ങനെ നോക്കിയാലും കാൽലക്ഷത്തിലധികം പേർ ഓപൺ സ്കൂളുകളെയും മറ്റു ഉപരിപഠന സാധ്യതകളെയും ആശ്രയിക്കേണ്ടി വരും. സർക്കാർ ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയാക്കി ഉയർത്തുകയും ബാച്ചുകൾ അനുവദിക്കുകയുമാണ് പരിഹാരം.
വടക്കൻ ജില്ലകളിൽ വൻതോതിൽ പ്ലസ് വൺ സീറ്റ് കുറവാണ്. സീറ്റ് വർധിപ്പിക്കാൻ കഴിയില്ലെന്ന് കോടതി വിധിയുണ്ട്. അതിനാൽ ബാച്ചുകളുടെ എണ്ണമാണ് വർധിപ്പിക്കേണ്ടത്. കഴിഞ്ഞ തവണ 75,000 വിദ്യാർഥികളാണ് ഒാപ്പൺ സ്കൂളിൽ പഠിച്ചത്.
പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇടപെടലില്ല. പ്ലസ് വൺ പ്രവേശനത്തിന് മാനദണ്ഡം പോലും ഇറക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് വിഷയത്തിൽ നയപരമായ തീരുമാനം സ്വീകരിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.
അതേസമയം, ഉപരിപഠനത്തിന് താൽപര്യമുള്ള എല്ലാ വിദ്യാർഥികൾക്കും അവസരം നൽകുമെന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഭയെ അറിയിച്ചു. ഒന്നും രണ്ടും അലോട്ട്മെന്‍റ് കഴിയുമ്പോൾ എല്ലാവരുടെയും ആശങ്ക തീരുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലകളിൽ സീറ്റുകൾ റീ അറേഞ്ച്മെന്‍റ് നടത്താൻ ആലോചനയുണ്ട്. ഏത് വിഷയത്തിനാണോ സീറ്റ് കുറവ് എന്ന് പരിശോധിച്ചാണ് റീ അറേജ്മെന്‍റ് നടത്തുക. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.