പ്ലസ് വൺ: മലപ്പുറത്ത് അധിക ബാച്ചിന് ശിപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം
text_fieldsതിരുവനന്തപുരം: മലപ്പുറത്ത് അധിക പ്ലസ് വൺ ബാച്ചിന് ശിപാർശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി. ഇതുമായി ബന്ധപ്പെട്ട് സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. സപ്ലിമെന്ററി അപേക്ഷകൾ കൂടി പരിഗണിച്ച് വേണം അധികബാച്ചുകൾ അനുവദിക്കാനെന്നും ശിപാർശയിലുണ്ട്.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാവും എത്ര ബാച്ചുകൾ അനുവദിക്കണമെന്നതിൽ അന്തിമ തീരുമാനമെടുക്കുക. മലപ്പുറം ആർ.ഡി.ഡി, വിദ്യാഭ്യാസ ജോ. ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോഗിച്ചത്. മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. 15 വിദ്യാർഥി സംഘടനകളായിരുന്നു യോഗത്തിൽ പങ്കെടുത്തത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കിൽ അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷാ കണക്കുകൾ ഇന്നു രാവിലെ പുറത്തുവന്നിരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16,881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുമെന്നാണ് ഈ കണക്കും വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.