പ്ലസ് വൺ സീറ്റ്: കണക്ക് പിഴച്ച് മന്ത്രിയും ഉദ്യോഗസ്ഥരും
text_fieldsതിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുമ്പോഴും കുറവുള്ള സീറ്റുകളുടെ എണ്ണം അവതരിപ്പിച്ചതിൽ അവ്യക്തത. ജില്ലയിൽ ഇനി 7,478 സീറ്റാണ് വേണ്ടതെന്ന കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. ജില്ലയിൽ ആകെ അപേക്ഷകർ 82,466 ആണ്. ഇതിൽ 4352 പേർ സമീപ ജില്ലകളിൽ പ്രവേശനം നേടി. മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ്, അൺഎയ്ഡഡ് േക്വാട്ട സീറ്റുകളിലായി ഇതുവരെ 53,762 പേർ പ്രവേശനം നേടി.
അവശേഷിക്കുന്ന അപേക്ഷകർ 24,352 ആണ്. ജില്ലയിൽ മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് േക്വാട്ടയിൽ ഇനി അവശേഷിക്കുന്നത് 9820 സീറ്റുകളാണ്. ഇവ പൂർണമായി പരിഗണിച്ചാൽ 14,532 സീറ്റിന്‍റെ കുറവുണ്ട്. ഒഴിവുള്ള സീറ്റുകൾ പൂർണമായി പരിഗണിച്ചാൽ ജില്ലയിൽ 7478 സീറ്റിന്‍റെ കുറവേയുള്ളൂവെന്നാണ് മന്ത്രിയും ഉദ്യോഗസ്ഥരും നിരത്തുന്ന കണക്ക്.
ജില്ലയിൽ പ്ലസ് വൺ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത 11,546 പേരെ, സീറ്റ് ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിൽനിന്ന് കുറച്ചുള്ള കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. എന്നാൽ, ഇഷ്ട സ്കൂൾ, കോംബിനേഷൻ ലഭിക്കാത്ത വിദ്യാർഥികളാണ് അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരിൽ ഭൂരിഭാഗവും.
ഇവരിൽ നല്ലൊരു ശതമാനം വിദ്യാർഥികളും ഇതിനകം ഏകജാലക പ്രവേശനത്തിന് കീഴിൽ വരാത്ത കമ്യൂണിറ്റി, മാനേജ്മെന്‍റ്, അൺഎയ്ഡഡ് േക്വാട്ട സീറ്റുകളിൽ പ്രവേശനം നേടുകയോ സീറ്റ് ഉറപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാത്ത കണക്കാണ് വാർത്തസമ്മേളനത്തിൽ അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മന്ത്രിക്കോ ഉദ്യോഗസ്ഥർക്കോ വ്യക്തമായ മറുപടിയില്ല.
കുറവുള്ള സീറ്റുകളുടെ എണ്ണത്തിൽ സർക്കാർ നിയോഗിച്ച സമിതി പരിശോധന നടത്തട്ടെയെന്ന നിലപാടാണ് മന്ത്രി വിദ്യാർഥി സംഘടനകളുമായുള്ള ചർച്ചയിൽ സ്വീകരിച്ചത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിക്കുന്നതോടെ പുറത്തുനിൽക്കുന്നവരിൽ മറ്റ് ഉപരിപഠന സാധ്യതകൾ ലഭിക്കാത്ത, പ്ലസ് വൺ സീറ്റ് ആവശ്യമുള്ളവരുടെ കണക്കുകൾ ഏറെക്കുറെ പുറത്തുവരും.
മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭിക്കും വരെ സമരം -പി.എം.എ. സലാം
കോഴിക്കോട്: തുടർപഠനത്തിന് മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പ്രസ്താവനയിൽ പറഞ്ഞു. പ്ലസ് വൺ പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണക്കുവെച്ച് സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്ക് കണക്കുകളിൽ കൃത്യത വന്നതിൽ സന്തോഷമുണ്ട്.
വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്‌നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നത്. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്നമുണ്ട്. അത് മറച്ചുവെക്കാൻ വിദ്യാഭ്യാസ മന്ത്രിക്കാവില്ല. മന്ത്രി ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്ലസ് വൺ ചർച്ചയിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റിന് വിലക്ക്
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റിന് വിലക്ക്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ യോഗത്തിൽ പങ്കെടുക്കാൻ തടസ്സമില്ലെന്ന് അറിയിച്ചതോടെയാണ് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് കെ.എം. ഷെഫ്രിൻ സെക്രട്ടേറിയറ്റിൽ എത്തിയത്.
എന്നാൽ, നിയമസഭയിലോ പാർലമെന്‍റിലോ പ്രാതിനിധ്യമുള്ള പാർട്ടികളുടെ വിദ്യാർഥി വിഭാഗത്തിന്‍റെ പ്രതിനിധികളെ മാത്രമേ യോഗത്തിൽ പങ്കെടുപ്പിക്കാനാകൂ എന്ന വാദം ഉന്നയിച്ച് അനുമതി നൽകിയില്ല. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കണക്കുകൾ നിരത്തി ആദ്യം സമരരംഗത്തിറങ്ങിയ സംഘടനയാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.