പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സമരം തുടരുമെന്ന് മുസ്‍ലിം ലീഗ്
text_fieldsമലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം തുടരുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മുഴുവൻ വിദ്യാർഥികൾക്ക് സീറ്റ് ഉറപ്പാകുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണിൽ പൊടിയിടാനാണോ കമീഷനെ നിയമിച്ചതെന്ന് സംശയമുണ്ട്. മലപ്പുറത്ത് മാത്രം കമീഷനെ നിയമിച്ചത് അനാവശ്യ നടപടിയാണ്. ഇത് ജില്ലയെ അപമാനിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിൽ മാത്രമല്ല സീറ്റ് പ്രശ്നമുള്ളത്. മലബാറിലെ ആറ് ജില്ലകളിലും സീറ്റ് ക്ഷാമമുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കാർത്തികേയൻ കമിറ്റി റിപ്പോർട്ട് നടപ്പാക്കുകയാണ് വേണ്ടത്. മുഴുവൻ കുട്ടികൾക്കും സീറ്റ് ഉറപ്പാകുന്നത് വരെ മുസ്‍ലിം ലീഗും പോഷക സംഘടനകളും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.
പ്ലസ്‍വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. സ്ഥിരം ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമില്ല. വിഷയം പഠിക്കാൻ വിദ്യാഭ്യാസ ജോയന്‍റ് ഡയറക്ടറും മലപ്പുറം ആർ.ഡി.ഡിയും ഉൾപ്പെട്ട രണ്ടംഗ സമിതിയെ നിയോഗിക്കും. ആവശ്യമെങ്കിൽ അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 15 വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങളുണ്ടായത്.
മലപ്പുറത്ത് 7478, പാലക്കാട് 1757, കാസർകോട് 252 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ സീറ്റുകൾ കുറവുള്ളതെന്ന് മന്ത്രി അറിയിച്ചു. ബാക്കി ജില്ലകളിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കും. പുതുതായി നിയോഗിക്കുന്ന സമിതിയുടെ റിപ്പോർട്ട് പ്രകാരമാകും അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.