പ്ലസ് വൺ സീറ്റ് പ്രതിസന്ധി; തീരുമാനം കാത്ത് മലബാറിലെ കാൽ ലക്ഷം വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: സർക്കാർ തീരുമാനം കാത്ത് പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത മലബാറിലെ കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ. നാല് അലോട്ട്മെന്‍റിന് ശേഷവും വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്തത് ഉൾപ്പെടെ വിവരം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തീരുമാനം വൈകുകയാണ്. സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രിതല യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നത്.
എന്നാൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാവുകയും പ്രവേശനം ലഭിക്കാത്തവരുടെയും സീറ്റൊഴിവും സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടും തീരുമാനം വന്നിട്ടില്ല. പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽ 27,049 വിദ്യാർഥികൾക്കാണ് സീറ്റ് ലഭിക്കാത്തത്. ഇവർക്കായി ഇനി ശേഷിക്കുന്നത് 2781 മെറിറ്റ് സീറ്റുകൾ മാത്രമാണ്. മലപ്പുറം ജില്ലയിൽ മാത്രം 13,654 പേർക്ക് സീറ്റില്ല. ജില്ലയിൽ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷം ബാക്കിയുള്ളത് 389 മെറിറ്റ് സീറ്റുകളാണ്.
സീറ്റ് ക്ഷാമം പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ ഒഴിഞ്ഞുകിടക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റിന്‍റെ കണക്ക് കൂടി ചേർത്തുള്ള പട്ടിക പ്രസിദ്ധീകരിച്ച് തെറ്റിദ്ധാരണ പരത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചു. തീരുമാനം വൈകുന്നത് വിദ്യാർഥികളിൽ ആശങ്ക പരത്തിയിട്ടുണ്ട്. ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിട്ടും പ്രവേശനം ലഭിക്കാത്തതാണ് ഇവരുടെ പ്രതിസന്ധി.
സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ ഹയർ സെക്കൻഡറി പഠനത്തിനായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമീപിച്ചുതുടങ്ങിയിട്ടുമുണ്ട്. ഇവർ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഓപൺ സ്കൂൾ വഴി രജിസ്റ്റർ ചെയ്ത് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.