പ്ലസ് വൺ; സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും തുടരും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ അധ്യയന വർഷം വരെ അനുവദിച്ച ആനുപാതിക സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും ഈ വർഷവും തുടരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ഹയർ സെക്കൻഡറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളുമാണ് ധനകാര്യവകുപ്പിന്റെ അനുമതിക്ക് വിധേയമായി തുടരാൻ തീരുമാനിച്ചത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനം ആനുപാതിക സീറ്റ് വർധനവ് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ അനുവദിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം ആനുപാതിക സീറ്റ് വർധനവും അനുവദിക്കും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി അധിക സീറ്റ്. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം ആനുപാതിക സീറ്റ് വർധനവ് അനുവദിക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധനവ് വരും. നിലവിൽ സീറ്റ് ബാക്കിയുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റ് വർധനവില്ല.
താൽക്കാലികമായി 178 ബാച്ചുകൾ അനുവദിക്കുമ്പോൾ ഒരു വർഷം മാത്രം ചുരുങ്ങിയത് 19.22 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാറിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 2022-23, 2023-24 വർഷങ്ങളിൽ വടക്കൻ ജില്ലകളിൽ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായതിനെ തുടർന്നാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. ആനുപാതിക സീറ്റ് വർധന വർഷങ്ങളായി തുടരുന്ന രീതിയാണ്.
ഹയർ സെക്കൻഡറി ബാച്ചുകളിൽ 50 വിദ്യാർഥികളെയാണ് പ്രവേശിപ്പിക്കേണ്ടതെങ്കിലും 30 ശതമാനം വർധന ഇതുവഴി 65 വിദ്യാർഥികളായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.