കണക്കിൽ പൊളിഞ്ഞ് വീണ്ടും വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: മലബാറിൽ പ്ലസ് വൺ സീറ്റുണ്ടെന്ന് സമർഥിക്കാൻ നിരത്തിയ കണക്ക് വീണ്ടും തിരുത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശനിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ മലപ്പുറത്ത് 11,083 സീറ്റുണ്ടെന്നും 14,037 അപേക്ഷകർ മാത്രമേയുള്ളൂവെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. അതേസമയം, തിങ്കളാഴ്ച നിയമസഭയിൽ അഹമ്മദ് ദേവർകോവിലിന്റെ സബ്മിഷന് നൽകിയ മറുപടിയിൽ മന്ത്രി ജില്ലയിൽ 7478 സീറ്റിന്റെ കുറവുണ്ടെന്ന് തിരുത്തി.
സീറ്റ് ക്ഷാമ പ്രശ്നം ഉയർന്നപ്പോൾ അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റും ഐ.ടി.ഐയിലുൾപ്പെടെയുള്ള അവസരവും ചേർത്തുള്ള കണക്ക് നിരത്തി മതിയായ സീറ്റുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. ഈ നീക്കം പൊളിഞ്ഞതോടെ മൊത്തം അപേക്ഷകരുടെ എണ്ണത്തിൽ കുറവുവരുത്തി സീറ്റുണ്ടെന്ന് വരുത്താനായി ശ്രമം. മലപ്പുറം ജില്ലയിലെ സീറ്റുകളിലേക്ക് സമീപജില്ലകളിൽനിന്ന് ലഭിച്ച അപേക്ഷകരെ ഒഴിവാക്കിയായിരുന്നു അപേക്ഷകരുടെ എണ്ണത്തിൽ കുറവുവരുത്തിയത്. ഇതുപ്രകാരം 82,446 അപേക്ഷകരുള്ള ജില്ലയിൽ 74,841 മാത്രമാണുള്ളതെന്ന കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. പുറത്തുനിന്നുള്ള അപേക്ഷകരും ജില്ലയിൽ പ്രവേശനം നേടുന്നെന്ന് വ്യക്തമായതോടെ എണ്ണം 78,114 ആണെന്ന് നിയമസഭയിൽ പറഞ്ഞു. ഇതോടെ ആദ്യം പറഞ്ഞ അപേക്ഷകരുടെ എണ്ണത്തിൽ 3273 പേരെ വർധിപ്പിക്കേണ്ടിവന്നു. അലോട്ട്മെന്റ് ലഭിച്ചിട്ടും ജില്ലയിൽ 11,546 പേർ പ്രവേശനം നേടിയില്ലെന്ന കണക്ക് നിരത്തിയ മന്ത്രി ഇത്രയും എണ്ണം, സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്ന കുട്ടികളുടെ എണ്ണത്തിൽനിന്ന് കുറച്ചുള്ള കണക്കാണ് അവതരിപ്പിച്ചത്.
ഇഷ്ട സ്കൂളും വിഷയ കോംബിനേഷനും ലഭിക്കാത്ത കുട്ടികളാണ് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരിൽ ഭൂരിഭാഗവും. ഈ വിദ്യാർഥികളിൽ നല്ലൊരു ശതമാനവും ഇഷ്ട സ്കൂളും കോംബിനേഷനും ലഭിക്കുന്ന കമ്യൂണിറ്റി, മാനേജ്മെന്റ് േക്വാട്ട സീറ്റുകളിൽ പ്രവേശനം നേടി. സീറ്റില്ലാതെ നിൽക്കുന്ന കുട്ടികളുടെ എണ്ണത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനമെടുക്കാത്ത കുട്ടികളുടെ എണ്ണം കുറച്ചുള്ള കണക്കും പൊളിഞ്ഞതോടെയാണ് 7478 സീറ്റിന്റെ കുറവുണ്ടെന്ന കണക്കിലേക്ക് മന്ത്രി എത്തിയത്. ഇതുവരെ ജില്ലയിൽ അൺഎയ്ഡഡ് ഉൾപ്പെടെ സീറ്റുകളിൽ പ്രവേശനം നേടിയത് 53,762 പേരാണ്. ഇതര ജില്ലകളിൽകൂടി പ്രവേശനം നേടിയവരെ കഴിച്ചുള്ള മലപ്പുറത്തെ അപേക്ഷകരുടെ എണ്ണമായ 78,114ൽ 25,079 പേർക്കാണ് ഇനി സീറ്റ് ആവശ്യമുള്ളത്. ഒഴിവുള്ള മെറിറ്റ്, മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകൾ പൂർണമായി പരിഗണിച്ചാൽ ജില്ലയിൽ ശേഷിക്കുന്നത് 9820 സീറ്റാണ്. ഇത് ഉപയോഗപ്പെടുത്തിയാൽ പോലും 15,259 സീറ്റിന്റെ കുറവുണ്ട്. അൺഎയ്ഡഡിൽ പ്രവേശനം നേടുന്നവരുടെ എണ്ണംകൂടി പരിഗണിച്ചാലും മലപ്പുറത്ത് 13,000ത്തിനും 15,000ത്തിനും ഇടയിൽ സീറ്റുകളുടെ കുറവുണ്ടാകും. ഇതിനു സമാനമായ കുറവാണ് കഴിഞ്ഞ വർഷവും അനുഭവപ്പെട്ടത്. ഈ വിദ്യാർഥികൾക്കാണ് സർക്കാർ ഉപരിപഠനാവസരം ഒരുക്കേണ്ടത്.
സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സീറ്റുണ്ടെന്ന വാദത്തിലൂടെ പ്രതിരോധം
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചർച്ച ചൊവ്വാഴ്ച നടക്കും. ചർച്ചക്കു ശേഷം സർക്കാർ സ്വീകരിക്കുന്ന നിലപാട് സീറ്റില്ലാത്ത കുട്ടികളുടെ ഉപരിപഠന സാധ്യതകളിൽ നിർണായകമായിരിക്കും. പതിനായിരക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കുമ്പോഴും ആവശ്യമായ സീറ്റുണ്ടെന്ന കണക്ക് നിരത്താൻ സർക്കാറിനെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം സാമ്പത്തിക പ്രതിസന്ധിയാണ്. കഴിഞ്ഞ വർഷം ഉൾപ്പെടെ സ്വീകരിച്ച താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽനിന്നുപോലും സർക്കാറിനെ പിറകോട്ടുവലിക്കുന്നതും ഇതു തന്നെയാണ്. ഇതോടെയാണ് അൺഎയ്ഡഡ്, ഐ.ടി.ഐ ഉൾപ്പെടെ സീറ്റുകളുടെ കണക്കുമായി സീറ്റുണ്ടെന്ന അവകാശവാദവുമായി രംഗത്തുവരാൻ സർക്കാറിനെ പ്രേരിപ്പിച്ചത്.
പ്രതിരോധമെല്ലാം പൊളിഞ്ഞ വിദ്യാഭ്യാസ വകുപ്പിനും ചൊവ്വാഴ്ചയിലെ ചർച്ച നിർണായകമാണ്. മലപ്പുറത്ത് 7478 സീറ്റിന്റെ കുറവുണ്ടെന്ന് തിങ്കളാഴ്ച സഭയിൽ സമ്മതിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അത്രയും വിദ്യാർഥികൾക്കുള്ള ഉപരിപഠന മാർഗമെന്തെന്ന് പറയേണ്ടിവരും. കഴിഞ്ഞ വർഷവും സീറ്റുണ്ടെന്ന് പറഞ്ഞ മന്ത്രിക്ക് 97 താൽക്കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സ്ഥിരംബാച്ചുകൾക്ക് ഒരുക്കമല്ല. അതിനാൽ കൂടുതൽ താൽക്കാലിക ബാച്ചുകളുടെ സാധ്യതയായിരിക്കും പരിശോധിക്കുന്നത്. ഇതിനു പുറമെ, മതിയായ കുട്ടികളില്ലാത്ത ബാച്ചുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സമ്മർദം ശക്തമായതോടെ 14 ബാച്ചുകൾ ട്രാൻസ്ഫർ ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തെ പ്രവേശനം പൂർത്തിയായപ്പോൾ 129 ബാച്ചുകളാണ് 25ൽ താഴെ കുട്ടികൾ പ്രവേശനം നേടിയത്. ഈ ബാച്ചുകളിലേക്ക് ഇത്തവണ മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞപ്പോഴുള്ള പ്രവേശന നിലയും പരിശോധിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.