പ്ലസ് വൺ സീറ്റ്; സർക്കാർ കണക്ക് തെറ്റ് -കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി മുസ്ലിം ലീഗ് നേതാക്കൾ. സീറ്റ് പ്രതിസന്ധി ഗൗരവമുള്ള വിഷയമാണെന്നും ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്തിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ പറഞ്ഞ കണക്കുകൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തി. പോളിടെക്നിക്, ഐ.ടി.ഐ സീറ്റുകളുണ്ടെന്ന് പറയുന്നത് ശരിയല്ല. വിശദമായി കണക്ക് സഹിതം കുറവുള്ള സീറ്റുകളുടെ വിവരം സർക്കാറിന് നൽകും.
മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് 82,434 പേരാണ് അപേക്ഷിച്ചത്. 52,600 പ്ലസ് വൺ സീറ്റുകളാണുള്ളത്. 30,000ത്തോളം കുട്ടികൾ സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്ന സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ പറയുന്നു. ജില്ലയിൽ തന്നെ പരീക്ഷ എഴുതി ഉപരിപഠന യോഗ്യത നേടിയ 79,730 പേരുണ്ട്. അതിനുപുറമേ 2074 പേർകൂടി ജില്ലയിൽ പ്ലസ് വൺ പഠനത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ജില്ലയിലെ അൺ എയ്‌ഡഡ് സ്കൂളുകളിൽ 11,275 സീറ്റുകളുണ്ടെങ്കിലും അവിടെ കനത്ത ഫീസ് നൽകണം.
അതുകൂടി പരിഗണിച്ചാൽ 20,000ത്തോളം പേർ പുറത്താകും. ജില്ലയിലെ പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയവയിൽ 2,484 സീറ്റുകളുണ്ട്. പക്ഷേ, അവിടെ പഠിക്കാൻ എല്ലാ ജില്ലകളിലുള്ളവർക്കും അവസരം നൽകുന്നതിനാൽ അത് മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് മാത്രമായി പരിഗണിക്കാൻ കഴിയില്ല. 30 ശതമാനം സീറ്റ് വർധനവിലൂടെ 50 കുട്ടികളുടെ സ്ഥാനത്ത് ഒരു ക്ലാസിൽ 65 കുട്ടികളെ കുത്തിനിറക്കേണ്ടിവരും. ഇത് അപ്രായോഗികവും, അശാസ്ത്രീയവുമാണ്. പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം -നിവേദനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.