പ്ലസ് വൺ സീറ്റ് ക്ഷാമം: സർക്കാർ തീരുമാനം കാത്ത് മലബാറിലെ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചതോടെ സീറ്റ് ലഭിക്കാത്ത മലബാറിലെ വിദ്യാർഥികൾ സർക്കാർ തീരുമാനം കാത്തിരിക്കുന്നു. മൂന്നാം അലോട്ട്മെൻറിന് ശേഷം സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ അധിക താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ ഉറപ്പ്. ഇതിനനുസൃതമായ തീരുമാനം നേരത്തേ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലുമുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ വിദ്യാർഥികളാണ് സീറ്റ് ക്ഷാമത്തിന്റെ വലിയ പ്രതിസന്ധി നേരിടുന്നത്. മൂന്ന് അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ ജില്ലയിൽ ആകെയുള്ള 81,022 അപേക്ഷകരിൽ 47,424 പേർക്കാണ് ഏകജാലക രീതിയിൽ അലോട്ട്മെൻറ് ലഭിച്ചത്. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് ക്വോട്ടയിൽ ജില്ലയിൽ 7190 സീറ്റുകളാണുള്ളത്. ഇവയിലേക്കുള്ള പ്രവേശനം പൂർത്തിയായാൽ ഏകജാലക പ്രവേശനത്തിൽ അലോട്ട്മെൻറ് ലഭിച്ച 47,424 പേരെയും കൂടി ചേർത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മൊത്തം പ്രവേശനം ലഭിക്കുന്ന കുട്ടികളുടെ പരമാവധി എണ്ണം 54,000 ആണ്. ഇതിനു പുറമെ, ജില്ലയിലുള്ളത് 11,291 അൺഎയ്ഡഡ് സീറ്റുകളാണ്. ഉയർന്ന ഫീസ് നൽകി പഠിക്കണമെന്നതിനാൽ അൺഎയ്ഡഡ് സീറ്റുകളിൽ നല്ലൊരു ശതമാനം ഒഴിഞ്ഞുകിടക്കാറാണ് പതിവ്. അൺഎയ്ഡഡ് സ്കൂളുകളിൽ ജില്ലയിൽ റൊക്കോർഡ് പ്രവേശനം നടന്ന കഴിഞ്ഞ വർഷം 7000ത്തോളം പേരാണ് പ്രവേശനം നേടിയത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മൊത്തം പ്രവേശനം നേടാൻ സാധ്യതയുള്ള 54,000 വിദ്യാർഥികളും അൺഎയ്ഡഡ് മേഖലയിൽ ഏഴായിരത്തോളം പേരെയും പരിഗണിച്ചാൽ തന്നെയും ആകെയുള്ള 81,022 അപേക്ഷകരിൽ 61,000 പേർക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അവശേഷിക്കുന്ന അപേക്ഷകർ വി.എച്ച്.എസ്.ഇ, പോളിടെക്നിക് ഉൾപ്പെടെ അവസരം ഉപയോഗിച്ചാലും 15,000ത്തോളം സീറ്റിന്റെ കുറവായിരിക്കും മലപ്പുറത്തുണ്ടാകുക. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 5000 വരെ സീറ്റിന്റെ കുറവുണ്ടാകും.
മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ചൊവ്വാഴ്ച പൂർത്തിയായാൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം വരുന്ന ഒഴിവുകളും ഏകജാലക പ്രവേശനത്തിലേക്ക് ചേർക്കും. മൊത്തം ഒഴിവുകൾ കണക്കാക്കി സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കും. അപേക്ഷ നൽകിയിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കി നൽകണം. നേരത്തേ അപേക്ഷിക്കാത്തവർക്കും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെന്റിൽ പങ്കെടുക്കാം. ഇതിനു ശേഷം സീറ്റ് ലഭിക്കാത്തവരുടെ മൊത്തം എണ്ണം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമാകും. സീറ്റ് സാഹചര്യം വിലയിരുത്താനും തുടർനടപടികൾക്കുമായി വൈകാതെ മന്ത്രിതലയോഗം നടന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.