പ്ലസ് വൺ സീറ്റ് ക്ഷാമം; നട്ടംതിരിഞ്ഞ് മലബാർ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തിെൻറ ദുരന്തചിത്രമായി മലബാറിലെ ജില്ലകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ സമ്പൂർണ എ പ്ലസോട് കൂടി എസ്.എസ്.എൽ.സി പാസായ മലപ്പുറം ജില്ലയിലെ വിദ്യാർഥികളാണ് സീറ്റില്ലാതെ പുറത്തിരിക്കുന്നവരിൽ കൂടുതൽ. 77,837 കുട്ടികൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയപ്പോൾ 41,295 പേർക്കാണ് ജില്ലയിൽ അലോട്ട്മെൻറ് ലഭിച്ചത്. ജില്ലയിൽ സീറ്റ് ലഭിക്കാത്ത 36,542 കുട്ടികൾക്ക് നൽകാൻ സർക്കാറിെൻറ പക്കൽ ഇനിയുള്ളത് ഒരു സീറ്റ് മാത്രം. ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ ഒമ്പതിനായിരത്തോളം മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ കൂടി പരിഗണിച്ചാലും കാൽലക്ഷത്തിലധികം വിദ്യാർഥികൾ പുറത്തുതന്നെയായിരിക്കും.
കോഴിക്കോട് ജില്ലയിൽ 48,606 പേർ പ്ലസ് വൺ പ്രവേശനത്തിന് അേപക്ഷിച്ചതിൽ 27,855 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചത്. ജില്ലയിൽ ഇനി ഒരു സീറ്റ് പോലും ബാക്കിയില്ല. 7,500ഒാളം സീറ്റാണ് കോഴിക്കോട് ജില്ലയിൽ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ടയിൽ ഉള്ളത്. ഇതുകൂടി പരിഗണിച്ചാലും 13,000ത്തിലധികം കുട്ടികൾക്ക് സീറ്റില്ല.
പാലക്കാട്, കണ്ണൂർ ജില്ലകളിലും സ്ഥിതി സമാനം തന്നെ. ഒാരോ ജില്ലയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടും അലോട്ട്മെൻറ് ലഭിക്കാത്ത നൂറുകണക്കിന് വിദ്യാർഥികളുണ്ട്. ഇൗ വിദ്യാർഥികൾ ഉപരിപഠനത്തിന് ഇനി എവിടെ േപാകണമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പുതിയ ഹയർ സെക്കൻഡറികളോ ബാച്ചുകളോ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ ഉത്തരവിറക്കിയ സർക്കാർ, താൽക്കാലിക ബാച്ചുകളെങ്കിലും അനുവദിച്ച് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന നിർദേശം പോലും പരിഗണിച്ചിട്ടില്ല.
സീറ്റുണ്ടെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി 1,22,384 സീറ്റുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി േക്വാട്ട, മാനേജ്മെൻറ് േക്വാട്ട, അൺ എയ്ഡഡിലെ പ്രവേശനം എന്നിവ ഒക്ടോ. ഏഴ് മുതൽ ആരംഭിക്കും. ഇൗ സീറ്റുകളും ഒഴിവുവരുന്ന സ്പോർട്സ് േക്വാട്ട സീറ്റുകളും പൊതു മെറിറ്റ് േക്വാട്ട സീറ്റുകളാക്കുേമ്പാളുണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ ഇത്രയും സീറ്റുകൾ കിട്ടും. വൊക്കേഷനൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐ.ടി.ഐ മേഖലകളിലായി 97,283 സീറ്റുണ്ട്. പ്ലസ് വൺ അലോട്ട്മെൻറ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേക്ക് 4,65,219 വിദ്യാർഥികൾ അപേക്ഷിച്ചിരുന്നു. ഇതിൽ മാതൃ ജില്ലക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു. പ്രവേശനം നൽകേണ്ട യഥാർഥ അപേക്ഷകർ 4,25,730 മാത്രമാണ്. ഒന്നാം അലോട്ട്മെൻറിൽ 2,01,489 പേർ പ്രവേശനം നേടി. ഒന്നാം അലോട്ട്മെൻറിൽ 17,065 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടില്ല. രണ്ടാം അലോട്ട്മെൻറിൽ 68,048 പേർക്ക് അവസരം ലഭിച്ചു.
അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ച് 3,85,530 അപേക്ഷകർ മാത്രമേ പ്രവേശനം തേടൂ. ഇതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കാൻ 91,796 അപേക്ഷകർ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാവരും പ്ലസ് വൺ പ്രവേശനം തേടിയാൽ 1,31,996 അപേക്ഷകർക്ക് പ്രവേശനം ഉറപ്പാക്കേണ്ടിവരുന്നെതന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.