പ്ലസ് വൺ സീറ്റ് ക്ഷാമം: മലപ്പുറം ആർ.ഡി.ഡി ഓഫിസ് പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധം
text_fieldsമലപ്പുറം: പ്ലസ് വൺ സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ മലപ്പുറം ഹയർ സെക്കൻഡറി മേഖല ഉപഡയറക്ടറുടെ ഓഫിസ് പൂട്ടിയിട്ടു. ബുധനാഴ്ച രാവിലെ 12 മണിയോടെ എത്തിയ പ്രവർത്തകർ ഓഫിസിനകത്തേക്ക് കയറി മുദ്യാവാക്യം വിളിച്ച് ഓഫിസ് അകത്തുനിന്ന് ജീവനക്കാരെ പുറത്തുകടക്കാനാവാത്ത വിധം പൂട്ടിയിടുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി പ്രവർത്തകരെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ്, മലപ്പുറം ജില്ല പ്രസിഡന്‍റ് കബീർ മുതുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അഖിൽ കുമാർ ആനക്കയം, മണ്ഡലം വൈസ് പ്രസിഡന്‍റ് റഹീസ് ആലുങ്ങൽ, പ്രവർത്തകരായ റിൻഷാദ്, അംജദ്, ശാനിദ്, മിൻഹാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ ബലപ്രയോഗത്തിൽ എം.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രവർത്തകരെ മലപ്പുറം പൊലീസ് കസ്റ്റഡിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്ന ദിനമായ ബുധനാഴ്ച മലപ്പുറത്ത് വിവിധ സംഘടനകൾ പ്രതിഷേധം നടത്തുന്നതിനിടെയാണ് എം.എസ്.എഫ് വേറിട്ട സമരരീതിയെടുത്തത്. പ്ലസ് വൺ മൂന്നാം അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നിരവധി വിദ്യാർഥികൾ പ്രവേശനം നേടാനാവാതെ പുറത്താണെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ആർ.ഡി.ഡി ഓഫിസരുടെ നിരുത്തരവാദ പ്രവണത കൊണ്ടാണ് മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് കാരണമെന്ന് സമരക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.