പ്ലസ് വൺ; മൂന്ന് ജില്ലയിൽ സീറ്റ് ക്ഷാമം; ആറിടത്ത് അധികം
text_fieldsതിരുവനന്തപുരം: സീറ്റ് വർധന നടപ്പാക്കിയിട്ടും മലബാറിലെ മൂന്ന് ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് സീറ്റില്ലാതെ ആയിരക്കണക്കിന് വിദ്യാർഥികൾ. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിച്ച ഒേട്ടറെ പേർ പുറത്തു നിൽക്കുന്നത്. വർധനയോടെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ അധികം സീറ്റുമായി.
മലപ്പുറത്താണ് കൂടുതൽ കുട്ടികൾക്ക് സീറ്റില്ലാത്തത്. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പൂർത്തിയായപ്പോൾ ജില്ലയിൽ 14460 പേർക്കാണ് സീറ്റില്ലാതിരുന്നത്. സർക്കാർ ഉത്തരവിലൂടെ മുഴുവൻ ഗവൺമെൻറ് സ്കൂളുകളിലും അപേക്ഷ നൽകിയ 50 എയ്ഡഡ് സ്കൂളുകളിലും 10 ശതമാനം സീറ്റ് കൂട്ടി. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷം ബാക്കിയുള്ളതും വർധന വഴിയുള്ള സീറ്റും ചേർത്ത് മലപ്പുറത്ത് 3631 സീറ്റാണ് ഇനിയുള്ളത്. 14460 ൽ 3631 പേർക്ക് പ്രവേശനം ലഭിച്ചാലും 10829 പേർക്ക് സീറ്റില്ല. മാനേജ്മെൻറ് ക്വോട്ടയിലെ 932 സീറ്റ് കൂടി പരിഗണിച്ചാലും 9897 പേർ പുറത്താവും.
വർധന വരുത്തിയിട്ടും സീറ്റില്ലാത്ത ജില്ലകളിൽ സൗകര്യമുള്ള സ്കൂളുകളിൽ താൽക്കാലിക ബാച്ച് അനുവദിക്കാനാണ് ഉത്തരവ്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താൽക്കാലിക ബാച്ചുകൾ അനിവാര്യമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കോഴിക്കോട് 6660 ഉം പാലക്കാട് 6384ഉം വിദ്യാർഥികൾക്കാണ് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷവും സീറ്റില്ലാതിരുന്നത്.
വർധനക്കുശേഷം കോഴിക്കോട് മാനേജ്മെൻറ് ക്വോട്ടയിൽ ഉൾപ്പെടെ 3034 സീറ്റാണ് ഉള്ളത്. ഇവ പരിഗണിച്ചാലും 3626 സീറ്റ് കുറവാണ്. പാലക്കാട് 2863 സീറ്റാണ് ബാക്കി. 3521 കുറവ്. വയനാട് 1108 പേർക്കുള്ളത് 766 സീറ്റ്. കണ്ണൂരിൽ 3590 പേർക്കായി 2831ഉം കാസർകോട് 2106 പേർക്ക് 1521 സീറ്റുമാണുള്ളത്. തൃശൂരിൽ 5964 പേർക്ക് വർധന ഉൾപ്പെടെ 4934 സീറ്റാണ് (1030 കുറവ്) ബാക്കി.
ഒന്നാം സപ്ലിമെൻററി ഘട്ടത്തിൽ സീറ്റ് കുറവുണ്ടായിരുന്ന എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വർധനയോടെ സീറ്റ് ക്ഷാമം പരിഹരിക്കപ്പെടും. എന്നാൽ മുഖ്യഘട്ടത്തിൽ തന്നെ മതിയായ സീറ്റ് ഉണ്ടായിരുന്ന പത്തനംതിട്ട, ഇടുക്കി ഉൾപ്പെടെ ജില്ലകളിൽ കൂടി വർധനയോടെ ആവശ്യത്തിലധികം സീറ്റായി. പത്തനംതിട്ടയിൽ 2428ഉം ആലപ്പുഴയിൽ 2117ഉം ഇടുക്കിയിൽ 1590ഉം കോട്ടയത്ത് 2037ഉം തിരുവനന്തപുരത്ത് 1144ഉം സീറ്റ് അധികമാകും. എറണാകുളത്ത് 3855 അപേക്ഷകർക്ക് 4834 സീറ്റ് (979 കൂടുതൽ) ലഭ്യമാണ്.
കൊല്ലത്ത് അലോട്ട്മെൻറ് ലഭിക്കാതിരുന്ന 5144 പേർക്ക് ഇനിയുള്ളത് 4929 സീറ്റ്. ഒഴിവുള്ള സീറ്റുകളിലേക്ക് ആദ്യം സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറും പിന്നീട് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറും നടത്തും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വർധന കൂടി ചേർന്ന് ബാക്കി സീറ്റ്, ഏകജാലകത്തിൽ പ്രവേശനം നൽകുന്ന സീറ്റ്, ഒന്നാം സപ്ലിമെൻററിക്ക് ശേഷം പ്രവേശനം ലഭിക്കാത്തവർ ക്രമത്തിൽ:
തിരുവനന്തപുരം 2434, 1825, 1290
കൊല്ലം 4929, 3959, 5144
പത്തനംതിട്ട, 2657, 2127, 229
ആലപ്പുഴ 4503, 3451, 2386
കോട്ടയം 2980, 2378, 943
ഇടുക്കി 2060, 1870, 470
എറണാകുളം 4834, 4024, 3855
തൃശൂർ 4934, 4199, 5964
പാലക്കാട് 2863, 2245, 6384
മലപ്പുറം 4563, 3631, 14460
കോഴിക്കോട് 3034, 2301, 6660
വയനാട് 766, 766, 1108
കണ്ണൂർ 2831, 2258, 3590
കാസർകോട് 1521, 1384, 2106
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.