പ്ലസ് വൺ: ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റ് വർധന
text_fieldsതിരുവനന്തപുരം: ഏഴ് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ പ്ലസ് വൺ കോഴ്സിന് 20 ശതമാനം ആനുപാതിക സീറ്റ് വർധനക്ക് മന്ത്രിസഭ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സീറ്റ് വർധിക്കുക. എല്ലാ ബാച്ചുകളിലും സീറ്റ് വർധന ബാധകമായിരിക്കും. മറ്റ് ഏഴ് ജില്ലകളിൽ പത്ത് ശതമാനം സീറ്റ് വർധനക്ക് ശിപാർശയുണ്ടായിരുന്നെങ്കിലും ആവശ്യകത നോക്കിയാവും തീരുമാനം.
സീറ്റ് വർധന തീരുമാനം വഴി ഏഴ് ജില്ലകളിൽ 33,150 സീറ്റുകൾ വർധിക്കും. ഇതോടെ സംസ്ഥാനത്തെ മൊത്തം പ്ലസ് വൺ സീറ്റുകളുടെ എണ്ണം 3,61,307ൽ നിന്ന് 3,94,457 ആയി ഉയരും. ഇതിൽ 3,39,300 സീറ്റുകൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും 55,157 സീറ്റുകൾ അൺ എയ്ഡഡ് മേഖലയിലുമാണ്. 20 ശതമാനം സീറ്റ് വർധന വഴി ഏഴ് ജില്ലകളിലെ ഹയർ സെക്കൻഡറി ബാച്ചുകളിൽ 50 സീറ്റുള്ളത് 60 ആകും. ബാച്ചിൽ കുട്ടികളുടെ എണ്ണം 50ൽ കൂടുതൽ അനുവദിക്കുന്നതിൽ നേരേത്ത ഹൈകോടതി വിമർശനം നടത്തിയിരുന്നു. എന്നാൽ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ 20 ശതമാനം വർധന വഴി സീറ്റ് ക്ഷാമം പരിഹരിക്കാനാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മലപ്പുറത്ത് എസ്.എസ്.എൽ.സി വിജയിച്ചത് 76,014 കുട്ടികളാണ്.
സീറ്റ് വർധന വഴി ജില്ലയിൽ അൺ എയ്ഡഡിൽ ഉൾപ്പെടെ ആകെ സീറ്റുകൾ 61,615 ആയി വർധിക്കും. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, മറ്റ് സിലബസുകളിൽ പത്താം ക്ലാസ് കഴിഞ്ഞവർ ഉൾപ്പെടെ ജില്ലയിൽ നിന്നുള്ള പ്ലസ് വൺ അപേക്ഷകർ 80,000ത്തോളം വരും. വി.എച്ച്.എസ്.ഇ ഉൾപ്പെടെയുള്ള സീറ്റുകൾ പരിഗണിച്ചാലും 15,000ൽ അധികം കുട്ടികൾക്ക് മലപ്പുറത്ത് സീറ്റുണ്ടാകില്ല. ബുധനാഴ്ച വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറം ജില്ലയിൽ നിന്നുള്ള പ്ലസ് വൺ അപേക്ഷകരുടെ എണ്ണം 70,351 ആയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.