സ്കൂളിൽ വിദ്യാർഥി തൂങ്ങിമരിച്ച സംഭവം; ക്ലർക്കിനെതിരെ കുടുംബം, അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഹയർ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ (കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല.
ഇന്ന് രാവിലെയാണ് കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂളിൽ കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ വിദ്യാർഥിയെ വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് സ്കൂളിൽ മരിച്ച നിലയിൽ കണ്ടത്.
വ്യാഴാഴ്ച സ്കൂൾ പ്രെജക്ട് റെക്കോഡ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ക്ലർക്കുമായി തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രക്ഷാകർത്താവിനെ വിളിച്ച് വെള്ളിയാഴ്ച സ്കൂളിൽ വരാൻ കുട്ടിയോട് നിർദേശിച്ചിരുന്നുവെന്ന് സ്കൂൾ അധികൃതർ പറയുന്നു.
ഇന്ന് സ്കൂളിൽ പബ്ലിക് പരീക്ഷ നടക്കാനിരിക്കെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
അതേസമയം, സംഭവത്തില്‍ സ്കൂളിലെ ക്ലർക്കിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ക്ലര്‍ക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വെക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.