പ്ലസ് വൺ സീറ്റ് തിരിമറി തടയും
text_fieldsഎയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനവും അൺഎയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ട ഒഴികെയുള്ള സീറ്റുകളിലേക്കുള്ള പ്രവേശനവും പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നു. കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം മെറിറ്റ് സീറ്റിലെ ഏകജാലക പ്രവേശനത്തിനൊപ്പം നടത്താൻ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചു. അൺഎയ്ഡഡ് സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെ അൺഎയ്ഡഡ് ബാച്ചുകളിലേക്കും വേണ്ടി ഒരു അപേക്ഷ സ്വീകരിച്ച് ഏകജാലക സംവിധാനത്തിലെന്ന പോലെ അലോട്ട്മെന്റ് നടത്തുന്നതിനുള്ള അനുമതിയും തേടിയിട്ടുണ്ട്.
അൺഎയ്ഡഡ് സ്കൂൾ/ ബാച്ചുകളിലെ 40 ശതമാനം മെറിറ്റ് സീറ്റുകളിലേക്കും 12 ശതമാനം പട്ടികജാതി, എട്ട് ശതമാനം പട്ടിക വർഗ സീറ്റിലുമുള്ള പ്രവേശനത്തിനാണ് ഡയറക്ടർ അനുമതി തേടിയത്. നിലവിൽ എയ്ഡഡ് സ്കൂളുകൾ നേരിട്ടാണ് കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം നടത്തുന്നത്. ന്യൂനപക്ഷ/ പിന്നാക്ക മാനേജ്മെന്റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ 20 ശതമാനവും ഇതര സമുദായ മാനേജ്മെന്റുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ 10 ശതമനവും സീറ്റാണ് കമ്യൂണിറ്റി ക്വോട്ടയിൽ നികത്തുന്നത്. കമ്യൂണിറ്റി ക്വോട്ട സീറ്റ് പ്രവേശനത്തിൽ പല സ്കൂളുകളിലും വ്യാപക ക്രമക്കേട് നടക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. സ്കൂളുകൾ അപേക്ഷ സ്വീകരിച്ച് ഹയർസെക്കൻഡറി വിഭാഗം നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനുള്ള മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശനം നടത്തണമെന്നാണ് ചട്ടം. ഈ നടപടികളിൽ കൃത്രിമം നടക്കുന്നെന്നാണ് പരാതി. ചില സ്കൂളുകൾ അർഹരായ വിദ്യാർഥികൾക്ക് അപേക്ഷ ഫോറം നിഷേധിച്ചെന്ന് വരെ പരാതി ഉണ്ടായി. ഇതുവഴി മെറിറ്റ് അട്ടിമറിച്ച് ഇഷ്ടക്കാർക്ക് സീറ്റുറപ്പിക്കാൻ മാനേജ്മെന്റുകൾക്ക് സാധിക്കുന്നു. ഏകജാലക പ്രവേശനത്തിനൊപ്പം തന്നെ കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള ഓപ്ഷൻ കൂടി സമർപ്പിക്കുന്ന രീതി കൊണ്ടുവരുന്നതാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ. അർഹരായ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ ഏകജാലക പ്രവേശന രീതിയുടെ ഭാഗമായി അലോട്ട്മെന്റ് നൽകാനും സാധിക്കും. അൺഎയ്ഡഡ് സീറ്റുകളിൽ 40ശതമാനം മെറിറ്റ് സീറ്റുകളാണെങ്കിലും സർക്കാർ ഇടപെടാത്തതിനാൽ മാനേജ്മെന്റുകളുടെ ഇഷ്ടം പോലെയാണ് പ്രവേശനം നടത്തുന്നത്. 12 ശതമാനം സീറ്റ് പട്ടികജാതി വർഗത്തിനും എട്ട് ശതമാനം പട്ടിക വർഗത്തിനും നൽകണമെന്ന വ്യവസ്ഥയും അൺഎയ്ഡഡ് സീറ്റുകളിൽ നടപ്പാക്കാറില്ല.
ന്യൂനപക്ഷ കമീഷനും നേരത്തേ ഉത്തരവിട്ടു
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ഏകജാലക രീതിയിൽ നടത്തണമെന്ന് 2017 ഫെബ്രുവരി 14ന് സംസ്ഥാന ന്യൂനപക്ഷ കമീഷനും ഉത്തരവിട്ടിരുന്നു.
2018 ജനുവരി 18ലെ ഉത്തരവിലൂടെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം ഏകജാലക രീതിയിലേക്ക് മാറ്റുന്നത് സർക്കാറിന്റെ പരിഗണനക്ക് സമർപ്പിക്കാനും കമീഷൻ നിർദേശിച്ചു.
ഒട്ടേറെ സ്കൂളുകളും കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിലെ ബുദ്ധിമുട്ടുകൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കമ്യൂണിറ്റി ക്വോട്ട അപേക്ഷകൾ ഏകജാലക അപേക്ഷയോടൊപ്പം ഒറ്റ അപേക്ഷയായി സ്വീകരിക്കുന്നതിനുള്ള അനുമതി തേടി ശിപാർശ സമർപ്പിച്ചത്.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ, എൻജിനീയറിങ് കോളജുകളിലെ മെറിറ്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം സർക്കാറിനുവേണ്ടി പ്രവേശന പരീക്ഷ കമീഷണറാണ് നടത്തുന്നത്. ഈ രീതി ഹയർസെക്കൻഡറിയിലും കൊണ്ടുവരണമെന്ന് നേരത്തേതന്നെ ആവശ്യം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.