പ്ലസ് ടു കോഴക്കേസ്: കെ.എം ഷാജിക്ക് ആശ്വാസം; എഫ്.ഐ.ആർ റദ്ദാക്കി
text_fieldsകൊച്ചി: പ്ലസ് ടു കോഴ്സ് അനുവദിക്കാൻ സ്കൂൾ മാനേജ്‌മെന്‍റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസിലെ തുടർനടപടി ഹൈകോടതി റദ്ദാക്കി. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷാജി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.
പ്ലസ് ടു അനുവദിക്കാൻ നടപടിക്കായി സ്കൂൾ മാനേജരിൽനിന്ന് 2014 -15 കാലഘട്ടത്തിൽ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് കുടുവൻ പത്മനാഭൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് വിജിലൻസ് കേസുണ്ടാകുന്നത്. 2017ൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി നിജസ്ഥിതി അന്വേഷിക്കാൻ വിജിലൻസ് എസ്.പിക്ക് കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളിയതാണെന്നായിരുന്നു ഷാജിയുടെ വാദം. വിജിലൻസിന്‍റെ അഡീ. പ്രോസിക്യൂഷൻ ഡയറക്ടറിൽനിന്ന് മറ്റൊരു നിയമോപദേശം വാങ്ങി വിജിലൻസ് കേസെടുക്കുകയായിരുന്നു. എന്നാൽ, ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്.ഐ.ആറിൽ ഇല്ലെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിലും ഈ ആരോപണത്തിന് അടിസ്ഥാനമായ വസ്തുതകൾ കണ്ടെത്തിയിട്ടില്ല. കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയിലോ എഫ്.ഐ.ആറിലോ സാക്ഷിമൊഴികളിലോ ഇല്ല. അതിനാൽ, അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ബാധകമാകാത്ത കേസിൽ നടപടി തുടരുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
മുസ്‌ലിം ലീഗ് കമ്മിറ്റിക്കുവേണ്ടി ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പ്ലസ് ടു കോഴ്സ് അനുവദിക്കാൻ സ്കൂൾ മാനേജർ മുസ്‌ലിം ലീഗിന്‍റെ പൂതപ്പാറ ശാഖാസമിതിയെ സമീപിച്ചെന്നും സമിതി ഭാരവാഹികൾ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് പരാതി. 54 സാക്ഷികളുടെ മൊഴിയും മജിസ്ട്രേറ്റ് മുമ്പാകെ നാല് സാക്ഷികളുടെ രഹസ്യമൊഴിയും ശേഖരിച്ച കേസാണിത്. പ്ലസ് ടു ലഭിക്കാൻ താനും മാനേജ്മെന്‍റും ഷാജിക്ക് പണം നൽകിയിട്ടില്ലെന്ന് മാനേജറുടെ മൊഴിയുണ്ട്. അധ്യാപികയാണ് പണം നൽകിയതെന്ന് പിന്നീട് പ്രോസിക്യൂഷൻ അറിയിച്ചെങ്കിലും അവരും ഇത് നിഷേധിച്ചു. മാനേജർ പണം നൽകിയതായി പരാതിക്കാരനടക്കം നേരിട്ടറിയില്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സാക്ഷിമൊഴികളെന്ന് വ്യക്തമാണ്. സ്കൂളിന് 35 ലക്ഷം രൂപ അധികവരുമാനം കാണിക്കുന്നതിൽ 25 ലക്ഷം ഹരജിക്കാരന് നൽകിയെന്ന് രേഖകളിൽ വ്യക്തമാണെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ല. കോടതി നടപടികൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ക്രിമിനൽ നടപടി ചട്ടപ്രകാരം എഫ്.ഐ.ആറോ അന്തിമ റിപ്പോർട്ടോ റദ്ദാക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് വിജിലൻസ് കേസിലെ നടപടികൾ റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.