പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനം: കെ.എം. ഷാജിയെ ഇ.ഡി ചോദ്യം ചെയ്യൽ അവസാനിച്ചു
text_fieldsകോഴിക്കോട്: പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജിയെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. 2020 നവംബറിൽ ചോദ്യംചെയ്തപ്പോൾ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഇ.ഡി സമയം അനുവദിച്ചിരുന്നു. എന്നാൽ, ഇവ പൂർണമായും കൃത്യസമയത്ത് നൽകാത്തതിനെ തുടർന്നും നൽകിയ രേഖകളിലെ കൂടുതൽ വിശദീകരണത്തിനുമായാണ് വീണ്ടും കോഴിക്കോട് ഓഫിസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാവിലെ 10ഓടെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകീട്ടാണ് അവസാനിച്ചത്.
നേരത്തേ രണ്ടുദിവസങ്ങളിലായി 30 മണിക്കൂറോളമായിരുന്നു ഇ.ഡി ചോദ്യം ചെയ്തത്. വീടുനിർമാണത്തിന് 10 ലക്ഷം രൂപ വായ്പയെടുത്തതിന്റെയും ഭാര്യവീട്ടുകാർ ലക്ഷങ്ങൾ സഹായിച്ചതിെൻറയും ജ്വല്ലറി നിക്ഷേപത്തിലെ ലാഭവിഹിതത്തിെൻറയും കൃഷിയിൽ നിന്നുള്ള വരുമാനത്തിെൻറയും മറ്റു ബിസിനസുകളുടെയും രേഖകൾ ഹാജരാക്കാനായിരുന്നു അന്ന് നിർദേശിച്ചത്.
എം.എൽ.എയായിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിച്ചുകിട്ടാൻ 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന പരാതിയിലാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നാലെ ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി ഐ.എൻ.എൽ നേതാവ് എൻ.കെ. അബ്ദുൽ അസീസ് അടക്കം പരാതി നൽകി. ഇതോടെയാണ് ഈ നിലക്കും അന്വേഷണം ആരംഭിച്ചത്. ഇതിനിടെ സംഭവത്തിൽ കോടതി നിർദേശപ്രകാരം വിജിലൻസും അന്വേഷണം ആരംഭിച്ചു.
തുടർന്നാണ് മാലൂർകുന്നിൽ ഭാര്യ ആശയുടെ പേരിൽ നിർമിച്ച ആഡംബര വീട്ടിലേക്കും അന്വേഷണമെത്തിയത്. അനുവദിച്ചതിലധികം വലുപ്പത്തിൽ വീട് നിർമിച്ചതായും ആഡംബര നികുതിയുൾപ്പെടെ ഒടുക്കിയില്ലെന്നും കണ്ടെത്തി. വീടിെൻറ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോർപറേഷൻ അധികൃതരിൽനിന്ന് ഇ.ഡി ശേഖരിച്ചിരുന്നു. പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കളിൽനിന്നും ഇ.ഡി വിവരങ്ങൾ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.