പ്ലസ് ടു കെമിസ്ട്രി ചോദ്യ പേപ്പർ വിവാദം: 12 അധ്യാപകർക്ക് അഞ്ച് വർഷം വിലക്കും താക്കീതും
text_fieldsതിരുവനന്തപുരം: 2022ലെ പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് ലഭിക്കുന്ന രീതിയിൽ ഉത്തരസൂചിക തയാറാക്കിയെന്നതിന് 12 ഹയർ സെക്കൻഡറി അധ്യാപകരെ ചോദ്യപേപ്പർ നിർമാണം, ഉത്തരസൂചിക തയാറാക്കൽ ജോലികളിൽനിന്ന് അഞ്ച് വർഷത്തേക്ക് വിലക്കിയും താക്കീത് നൽകിയും അച്ചടക്ക നടപടി.
എന്നാൽ തെറ്റായ ചോദ്യപേപ്പറും ഉത്തരസൂചികയും തയാറാക്കി നൽകിയെന്ന് ആരോപണം ഉയർന്ന കൊല്ലം ജില്ലയിൽ നിന്നുള്ള അധ്യാപകനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായതുമില്ല.
2022 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം സ്വീകരിച്ച ഏകപക്ഷീയ നടപടികൾ ഏറെ വിവാദമായിരുന്നു. ചോദ്യപേപ്പറിൽ തെറ്റ് കടന്നുകൂടിയതും വിദ്യാർഥികളെ കുഴപ്പിച്ചതും വാർത്തയായിരുന്നു. ഇതിന് ശേഷം മൂല്യനിർണയത്തിനായി 12 അധ്യാപകരെ ഉത്തരസൂചിക (സ്കീം) തയാറാക്കാനായി നിയോഗിച്ചിരുന്നു. ഈ സൂചിക വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് ലഭിക്കാൻ സഹായിക്കുന്നതാണെന്ന് അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ ജോയന്റ് ഡയറക്ടറും കണ്ടെത്തി 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു.
കെമിസ്ട്രി അധ്യാപകരല്ലാത്ത ഡയറക്ടറും ജോയന്റ് ഡയറക്ടറും എങ്ങനെ ചോദ്യപേപ്പറും ഉത്തരസൂചികയും പരിശോധിച്ചെന്ന ചോദ്യവും ഉയർന്നിരുന്നു. 12 അധ്യാപകർ തയാറാക്കിയ ഉത്തര സൂചികക്ക് പകരം തെറ്റായ ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകൻ അതോടൊപ്പം സമർപ്പിച്ച ഉത്തര സൂചിക മൂല്യനിർണയത്തിനായി ക്യാമ്പുകളിലേക്കയച്ച ജോയന്റ് ഡയറക്ടറുടെ നടപടിയും വിവാദമായി. അധ്യാപകർ കൂട്ടത്തോടെ കെമിസ്ട്രി മൂല്യനിർണയം ബഹിഷ്കരിച്ചതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രശ്നത്തിൽ ഇടപെട്ടു. രണ്ട് സൂചികകളും ഒഴിവാക്കി പകരം വിദഗ്ധ സമിതിയെ നിയോഗിച്ച് പുതിയ ഉത്തരസൂചിക തയാറാക്കിയാണ് പിന്നീട് മൂല്യനിർണയം നടത്തിയത്.
എന്നാൽ 12 അധ്യാപകർക്കെതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ മുന്നോട്ടുപോവുകയായിരുന്നു. 12 പേരും ഒരുപോലെ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് വീണ്ടും പൊതുവിദ്യാഭ്യാസ ഡയറക്ടർ നോട്ടീസ് നൽകി. തുടർന്നാണ് ഉത്തരസൂചിക തയാറാക്കിയതിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയത്. അധ്യാപകർ മാപ്പപേക്ഷ നൽകിയതിനാലാണ് 12 പേരെയും അഞ്ച് വർഷത്തേക്ക് ചോദ്യപേപ്പർ നിർമാണം, സ്കീം ഫൈനലൈസേഷൻ എന്നിവയിൽനിന്ന് ഒഴിവാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുക്കുന്നത്. നിർദേശം ലംഘിച്ചാൽ ഗുരുതര അച്ചടക്ക നടപടി സ്വീകരിക്കുമെന്ന കർശന താക്കീതും നൽകിയിട്ടുണ്ട്.
എന്നാൽ, തെറ്റായ ചോദ്യപേപ്പറും ഉത്തര സൂചികയും തയാറാക്കിയ അധ്യാപകനെ ഇത്തവണയും ഉത്തര സൂചിക തയാറാക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.