പ്ലസ് ടു കോഴ: കെ.എം. ഷാജിക്കെതിരെ നിർണായക മൊഴി; സ്കൂൾ മാനേജരെ പ്രതിചേർത്ത് വിജിലൻസ്
text_fieldsകണ്ണൂർ: മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി പ്രതിയായ പ്ലസ് ടു കോഴക്കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. കേസിൽ അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ മാനേജർ പി.വി. പത്മനാഭനെ പ്രതിചേർത്ത് തലശ്ശേരി വിജിലൻസ് കോടതിയിൽ വിജിലൻസ് സംഘം ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളുടെ അടിസ്ഥാനത്തിലാണ് മാനേജരെയും പ്രതിചേർത്തത്. ഇതോടെ, കേസിൽ പ്രതികളുടെ എണ്ണം രണ്ടായി.
പ്ലസ് ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം കോഴ കൈപ്പറ്റിയതിന് നിർണായക തെളിവ് ലഭിച്ചതായി വിജിലൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഏതാനും സാക്ഷി മൊഴികളിലാണ് കോഴ വാങ്ങിയത് സ്ഥിരീകരിക്കുന്നത്. മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അഞ്ച് സാക്ഷികളെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
കോഴ ആരോപണവേളയിൽ സ്കൂളിൽ നിയമനം നേടിയ 12 അധ്യാപകരെയും കേസിൽ പ്രതികളാക്കും. നിയമനത്തിന് നയാപൈസ പോലും മാനേജ്മെന്റിന് കോഴ നൽകിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ വിജിലൻസിനു മുമ്പാകെ നൽകിയ മൊഴി. ഇത്രയും പേരെ സംഭാവനയൊന്നും വാങ്ങാതെ മാനേജ്മെന്റ് നിയമനം നൽകിയെന്ന മൊഴി വിജിലൻസ് മുഖവിലക്കെടുത്തിട്ടില്ല. അധ്യാപകരെ പ്രതികളാക്കി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ പണം വന്ന വഴി കണ്ടെത്താനാവുമെന്നാണ് വിജിലൻസിന്റെ കണക്കുകൂട്ടൽ. കേസിൽ കെ.എം. ഷാജി ഒന്നും മാനേജർ രണ്ടും പ്രതികളാണ്. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
യു.ഡി.എഫ് ഭരണകാലത്ത് 2013-14 ൽ അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് എം.എൽ.എയായിരിക്കെ കെ.എം. ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് കോഴ വിവരം പുറത്തായതും സി.പി.എമ്മുകാരനായ കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് പരാതി നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.