മൂവർസംഘം പ്ലസ് ടു പരീക്ഷയെഴുതി, നന്ദി പറഞ്ഞ് വീട്ടിലേക്ക്
text_fieldsപൂച്ചാക്കൽ: കഴിഞ്ഞ മാർച്ച് 10ന് നാടിനെ നടുക്കിയ കാറപകടത്തിൽപെട്ട് കാലുകൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വീടുകളിൽ വിശ്രമത്തിലിരുന്ന വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. പൂച്ചാക്കൽ പള്ളിവെളി റോഡിലൂടെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മദ്യലഹരിയിൽ ഓടിച്ചുവന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്.
പാണാവള്ളി ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ പാണാവള്ളി 16ാം വാർഡ് കോണത്തേഴത്ത് ചന്ദ്രബാബുവിെൻറ മകൾ ചന്ദന (17), 15ാം വാർഡ് ഉരുവംകുളം ചന്ദ്രെൻറ മകൾ അനഘ (17), 13ാം വാർഡ് അയ്യങ്കേരി സാബുവിെൻറ മകൾ സാഘി (17), തൃച്ചാറ്റുകുളം എൻ.എസ്.എസ് ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് മുരുക്കുംതറ അനിരുദ്ധെൻറ മകൾ അർച്ചന (16) എന്നിവരാണ് അപകടത്തിൽപെട്ടത്. പ്ലസ് ടു വിദ്യാർഥികളായ മൂവർ സംഘെത്ത ആംബുലൻസിൽ സ്കൂളിലെത്തിച്ചാണ് പരീക്ഷയെഴുതിച്ചത്. സാഘിയും ചന്ദനയും ആംബുലൻസിൽ കിടന്നും അനഘ വീൽചെയറിൽ ഇരുന്നുമാണ് പരീക്ഷയെഴുതിയത്.
സ്കൂളിലേക്ക് ആംബുലൻസിൽ പോകുംവഴി അപകടസ്ഥലം കണ്ടത് നടുക്കത്തോടെയായിരുന്നുവെന്ന് വിദ്യാർഥിനികൾ പറഞ്ഞു. അപകടത്തെതുടർന്ന് നഷ്ടപ്പെട്ട മൂന്ന് പരീക്ഷകൾ സേ പരീക്ഷക്കൊപ്പം എഴുതാനുള്ള തയാറെടുപ്പിലാണ് മൂവരും. സഹപാഠികളെയും അധ്യാപകരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രാർഥിച്ചവരോട് നന്ദിയുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.