പ്ലസ്ടു സേ പരീക്ഷ ജൂൺ 21 മുതൽ; അപേക്ഷ ഈ മാസം 29 വരെ
text_fieldsതിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർ സെക്കൻഡറി/ ആർട്ട് ഹയർ സെക്കൻഡറി സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. അപേക്ഷകൾ പിഴയില്ലാതെ പരീക്ഷ എഴുതിയ സ്കൂളിൽ ഈ മാസം 29വരെയും സൂപ്പർ ഫൈനോടെ 30 വരെയും സമർപ്പിക്കാം. വിജ്ഞാപനം http://www.dhsekerala.gov.in/ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സേ പരീക്ഷക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പേപ്പറൊന്നിന് 500 രൂപയുമാണ് ഫീസ്. പ്രാക്ടിക്കൽ പരീക്ഷക്ക് 25 രൂപയും സർട്ടിഫിക്കറ്റിന് 40 രൂപയും ഫീസടക്കണം. ഗൾഫിലെ പരീക്ഷാർഥികൾക്ക് ഗൾഫിൽ അനുവദിച്ച കേന്ദ്രത്തിലോ വിദ്യാർഥി പഠിച്ച വിഷയം/ വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷ കേന്ദ്രത്തിലോ പരീക്ഷ എഴുതാം.
ഉത്തരക്കടലാസ് പുനർമൂല്യനിർണയം/ സൂക്ഷ്മ പരിശോധന/പകർപ്പ് എന്നിവക്കായി മേയ് 31നകം അപേക്ഷ സമർപ്പിക്കണം. ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയുമുണ്ടാകില്ല.
അവർക്ക് ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് സമർപ്പിക്കേണ്ടത്. അപേക്ഷഫോറത്തിന്റെ മാതൃക സ്കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും (http://www.dhsekerala.gov.in) ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 500 രൂപയും സൂക്ഷ്മപരിശോധനക്ക് 100 രൂപയും പകർപ്പിന് 300 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്.
വൊക്കേഷനൽ ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധനക്കുള്ള അപേക്ഷ ഫോറം www.vhsems.kerala.gov.in ൽ ലഭിക്കും.
അപേക്ഷ ഫോറം ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്കൂളിൽ സമർപ്പിക്കണം. ഒന്നിലധികം വിഷയങ്ങൾക്കും ഒരു അപേക്ഷ മതി. ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയുമാണ് ഫീസ്. ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. സേവ് എ ഇയർ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.