പ്ലസ്ടു അന്യായം കണ്ടു നില്‍ക്കാനാവില്ല; മലബാറില്‍ രണ്ടാം നികുതി നിഷേധ സമരം തുടങ്ങാന്‍ സമയമായി -സത്താർ പന്തല്ലൂർ
text_fieldsകോഴിക്കോട്: മലബാറിലുള്ളവരുടെ ന്യായമായ വിദ്യാഭ്യാസ അവകാശം പോലും നിഷേധിക്കുകയാണെങ്കിൽ രണ്ടാം നികുതി നിഷേധ പ്രസ്ഥാനത്തിന്റെ സമരാരവം മുഴക്കാൻ സമയമായെന്ന് സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ. ഫേസ്ബുക്കിലൂടെയാണ് സമസ്ത നേതാവിന്‍റെ സർക്കാർ വിമർശനം.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗം ഫലപ്രഖ്യാപനത്തിന് മുമ്പ് പ്ലസ്ടു സീറ്റ് ക്ഷാമം തീർക്കാൻ താൽകാലിക സംവിധാനം പ്രഖ്യപിച്ചിരിക്കുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരമില്ലെന്നർഥം. ഈ താൽകാലിക സംവിധനത്തിന് തന്നെ സർക്കാറിന് 19.2 കോടി അധിക ബാധ്യതയുണ്ടെന്ന മഹാ ഔദാര്യത്തിന്റെ കണക്കും ഒപ്പം ഇറക്കിയിട്ടുണ്ട്. സ്ഥിരമായ അധിക ബാച്ചുകളെന്ന പരിഹാരത്തിന് ഇപ്പോഴും ഏറെ ദൂരത്താണ് സർക്കാറുള്ളത്. ഇതിനേക്കാൾ നല്ലത് മലബാറിലെ ജില്ലകളെ താൽകാലിക ജില്ലകളാക്കി പ്രഖ്യാപിക്കുന്നതല്ലേ? അതിനെ കേരളത്തിന്റെ പുറമ്പോക്ക് പ്രദേശമായി ചിത്രീകരിച്ച് ഒരു മാപും കൂടി വരച്ചാൽ ഗംഭീരമാകും. എന്നാൽ, ഒഴിഞ്ഞുകിടക്കുന്ന തെക്കൻ ജില്ലകളിലെ ക്ലാസ് മുറികളെ നോക്കി താരതമ്യം ചെയ്യാനും അവകാശം ചോദിക്കാനും വരേണ്ടതില്ലല്ലോ?.
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലേയും ജനങ്ങളെ പോലെ നികുതി നൽകി ജീവിക്കുന്നവരാണ് മലബാറിലുള്ളവരും. വിഭവങ്ങൾ സ്വീകരിക്കുന്നതുപോലെ തന്നെ വിതരണം ചെയ്യുന്നതിലും സർക്കാർ സാമാന്യ നീതി കാണിക്കുന്നില്ലെങ്കില്‍ നമുക്ക് മുന്നിൽ മറ്റു വഴികളില്ല. രണ്ടാം നികുതി നിഷേധ പ്രസ്ഥാനത്തിന്റെ സമരാരവം മുഴക്കാൻ സമയമായി. അവകാശങ്ങളുള്ള പൗരനാണ് നമ്മുടെ ജനാധിപത്യ രാജ്യത്തിന്‍റെ അടിസ്ഥാന യൂനിറ്റ്. മലബാറിലെ പൗരന്‍മാരും ആ ഗണത്തില്‍ തന്നെ ഉള്‍പ്പെടും. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. അതിൽ മഹാഭൂരിപക്ഷവും മലബാറിൽ നിന്നുള്ളവരാണ്. പക്ഷെ മലബാറിന്റെ അടിസ്ഥാന വികസന പ്രശ്നമായ വിദ്യാഭ്യാസ കാര്യത്തിൽ പോലും സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ല.
മലബാറിലെ ഉപരിപഠന രംഗം എക്കാലത്തും അനിശ്ചിതത്വത്തിലാണ്. നിരന്തര മുറവിളിക്ക് ശേഷം ഏതാനും വർഷമായി ആരംഭിച്ച പരിഹാര നടപടിയാണ് പ്ലസ്ടുവിന് താൽകാലിക ബാച്ചുകളും സീറ്റുകളും അനുവദിക്കുന്ന പരിപാടി. പഠനത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ മാത്രമേ ഇത് പ്രയോഗത്തിൽ വരുത്താൻ കഴിയൂവെന്നും സത്താർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.