പ്ലസ് ടു: സ്പെഷൽ ഫീ തിരികെ നൽകും -മന്ത്രി
text_fieldsമലപ്പുറം: 2020-21 ബാച്ചിലെ പ്ലസ് ടു വിദ്യാർഥികളിൽനിന്ന് പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഈടാക്കിയ സ്പെഷൽ ഫീസ് തിരികെ നൽകുവാൻ ഹയർ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്പെഷൽ ഫീസിനെതിരെ വിദ്യാർഥികളുടെ പരാതികൾ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
സ്പോർട്സ്, മറ്റു അനുബന്ധ പരിപാടികൾ എന്നിവക്കായാണ് സ്പെഷൽ ഫീസ് ഈടാക്കുന്നത്. കോവിഡ് കാരണം സ്കൂളുകൾ തുറക്കാത്തതിനാൽ വിദ്യാർഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. എന്നാൽ, സർക്കാർ പ്രത്യേക നിർദേശമൊന്നും പുറപ്പെടുവിക്കാത്തതിനാൽ ചില സ്കൂളുകളിൽ പ്രധാനാധ്യാപകർ ഫീസ് ഈടാക്കി. ഇതിനെതിരെ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഇത് വാങ്ങേണ്ടെന്ന് സർക്കാർ അറിയിച്ചു.
എന്നാൽ, ഉത്തരവ് ഇറങ്ങുംമുമ്പ് ഭൂരിഭാഗം സ്കൂളുകളിലെയും വിദ്യാർഥികൾ ഫീസ് അടച്ചിരുന്നു. പ്രധാനാധ്യാപകർ ഇത് ട്രഷറിയിൽ അടക്കുകയും ചെയ്തു. സയൻസ് വിദ്യാർഥികളിൽനിന്ന് 530, കോമേഴ്സ് 380, ഹ്യുമാനിറ്റീസ് 280 എന്നിങ്ങനെയാണ് ഈടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.