ജനകീയ സഭയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ പരാതി; വീട്ടിലെത്തി നടപടി സ്വീകരിച്ച് കെ.യു. ജനീഷ് കുമാർ എം.എൽ.എ
text_fieldsകോന്നി: ജനകീയ സഭയിലെ പ്ലസ് ടു വിദ്യാർഥിനിയുടെ പരാതിയിൽ വീട്ടിലെത്തി നടപടി സ്വീകരിച്ച് കെ.യു. ജനീഷ് കുമാർ എം.എൽ.എ. പ്രമാടം മുണ്ടയ്ക്കാമുരുപ്പിൽ എം.എൽ.എയുടെ ജനകീയസഭയിൽ എത്തിയാണ് കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി അമ്മയുടെ രോഗാവസ്ഥ കണ്ണുനീരോടെ വിവരിച്ചത്.
വിദ്യാർഥിനിയുടെ അമ്മ പാലമറൂർ ചിത്ര ഭവനിൽ പി. ശെൽവി (38) ഒരു വർഷമായി അപകടത്തിൽ പരിക്കേറ്റ് എഴുന്നേൽക്കാൻ കഴിയാതെ വീട്ടിൽ കിടപ്പാണ്. അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്. അമ്മക്ക് കൂട്ടിരുന്ന് ചികിത്സ നടത്തുന്നതിനാൽ മകൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല.
മേസ്തിരിമാർക്കൊപ്പം മെയ്ക്കാട് ജോലിക്കായി 20 വർഷം മുമ്പാണ് തമിഴ്നാട് സ്വദേശിനിയായ സെൽവി പ്രമാടം പഞ്ചായത്തിൽ എത്തുന്നത്. കഴിഞ്ഞവർഷം ജനുവരിയിൽ പത്തനംതിട്ട കുലശേഖരപതിയിൽ വീട് നിർമാണത്തിൽ ഏർപ്പെട്ടിരിക്കെ മതിൽ ഇടിഞ്ഞാണ് ശെൽവിക്ക് പരിക്കേറ്റത്.
തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും കോട്ടയം ഗവ. മെഡിക്കൽ കോളജിലും കോന്നി താലൂക്ക് ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും സെൽവിക്ക് എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതി തുടരുകയാണ്. ഫിസിയോതെറപ്പി ചെയ്യുന്നതിന് സൗകര്യമുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ ഉപദേശിെച്ചങ്കിലും പണമില്ലാത്തതിനാൽ വീട്ടിൽ തുടരുകയും സ്ഥിതി കൂടുതൽ ദയനീയമാകുകയുമായിരുന്നു.
ജനകീയസഭയിൽ എത്തി അമ്മയെ ചികിത്സിക്കാൻ സഹായിക്കണം, എനിക്ക് പഠിക്കാൻ സൗകര്യമൊരുക്കണം എന്നായിരുന്നു സെൽവിയുടെ മകളുടെ അപേക്ഷ. സെൽവിയെ കാണാൻ നേരിട്ട് വീട്ടിലെത്തിയ എം.എൽ.എ ദയനീയ സ്ഥിതി ബോധ്യപ്പെട്ട് അടിയന്തര ചികിത്സ സൗകര്യമൊരുക്കി നൽകി.
ഡോക്ടർമാരുമായി എം.എൽ.എ ഫോണിൽ ചർച്ച നടത്തിയതിെൻറ അടിസ്ഥാനത്തിൽ കടമ്മനിട്ടയിലുള്ള ഫിസിയോ തെറപ്പി സൗകര്യമുള്ള ആശുപത്രിയിലേക്ക് ആംബുലൻസ് വിളിച്ചുവരുത്തി സെൽവിയെ മാറ്റി. ചികിത്സ ചെലവിനാവശ്യമായ ക്രമീകരണവും എം.എൽ.എ ഏർപ്പെടുത്തി.
കുട്ടിക്ക് പഠനത്തിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കി നൽകുമെന്നും എം.എൽ.എ പറഞ്ഞു. സർക്കാറിൽനിന്ന് ചികിത്സ സഹായം ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താനും എം.എൽ.എ നിർദേശം നൽകി. എം.എൽ.എയോടൊപ്പം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നവനീത്, പഞ്ചായത്ത് അംഗം വാഴവിള അച്യുതൻ നായർ, രാജേഷ്, കെ.ആർ. ജയൻ, അനീഷ് പ്രമാടം, രാജേഷ് പാലമറൂർ, ജിബിൻ, അരുൺ ഐസക് തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.