മന്ത്രി റിയാസ് അറിയണം; ധർമടം തുരുത്ത് വികസനത്തെകുറിച്ച് പ്ലസ്ടുക്കാരിയുടെ മോഹം
text_fieldsതിരുവനന്തപുരം: ട്രങ്കേറ്റഡ് ടവർ എന്ന സങ്കൽപത്തെ കുറിച്ച് വിശദീകരിക്കാൻ ശ്രീപ്രിയക്ക് നൂറ് നാവാണ്. കണ്ണൂർ കൂത്തുപറമ്പ് വെങ്ങാട് സ്വദേശിയാണെങ്കിലും തീരദേശത്തിന് പറ്റിയ ടവറിന് ഏറെ ഗുണമുണ്ടെന്ന് കൂത്തുപറമ്പ് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ ശ്രീപ്രിയ പറയുന്നു. തന്റെ ജില്ലയിലെ ധർമടം തുരുത്തിൽ ഇത്തരമൊരു ടവർ നിർമിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് പരിശ്രമിക്കുമെന്ന പ്രത്യാശ മറച്ചുവച്ചതുമില്ല. വേലിയിറക്ക സമയത്ത് ധർമടം തുരുത്തിലൂടെ നടക്കാമെങ്കിലും വേലിയേറ്റത്തിൽ അതിന് സാധിക്കില്ല. ഇതാണ് ട്രങ്കേറ്റഡ് ടവറിനുള്ള അനുകൂല സാഹചര്യമായി അവൾ കാണുന്നത്.
പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ പുനരധിവാസകേന്ദ്രമായി ഉപയോഗിക്കാമെന്നും മറ്റുകെട്ടിടങ്ങളെ അപേക്ഷിച്ച് ബലക്കൂടുതലും ചെലവുകുറവും ശ്രീപ്രിയ ഉറപ്പുനൽകുന്നു. പ്ലസ് വൺ ഗണിതശാസ്ത്ര പാഠഭാഗത്തെ കോണിക് വിഭാഗത്തിൽ നിന്നാണ് ഈ ടവറിനുള്ള സൂത്രവാക്യത്തിന്റെ പിറവി. ഹൈപർബോള, പാരബോള, സർക്കിൾ തുടങ്ങിയ രൂപങ്ങളും അതിന്റെ ഗണിത സമവാക്യങ്ങളുമാണ് അവലംബിച്ചത്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ശാസ്ത്ര മേളയിലും ഇതേ മാതൃകയുമായി എത്തിയ ശ്രീപ്രിയക്ക് എ ഗ്രേഡുണ്ടായിരുന്നു. ഇത്തവണയും എ ഗ്രേഡ് നേടിയ മിടുക്കി നേട്ടത്തിന്റെ ക്രെഡിറ്റ് സ്വന്തം ടീച്ചർ സോഹിണിക്കാണ് നൽകുന്നത്. 13 വർഷമായി ഉപജില്ലാ തലത്തിൽ ഗണിതശാസ്ത്രമേളയിൽ വിജയകിരീടം നിലനിർത്തുന്ന കൂത്തുപറമ്പ് ഗവ. എച്ച്.എസ്.എസിൽ നിന്ന് ഇത്തവണ അഞ്ചുപേരാണ് സംസ്ഥാന മേളക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.