പ്ലസ്ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജ് ക്ലാസ് മുറിയിൽ; വിശദീകരണം തേടി പ്രിൻസിപ്പൽ
text_fieldsകോഴിക്കോട്: യോഗ്യതയില്ലാത്ത പ്ലസ്ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ ക്ലാസ് മുറിയിലെത്തിയത് വിവാദമായി. നാല് ദിവസമാണ് വിദ്യാർഥിനി ക്ലാസിലിരുന്നത്. മെഡിക്കൽ കോളജ് അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞമാസം 29ാം തീയതിയാണ് ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസ് തുടങ്ങിയത്.
ക്ലാസ് തുടങ്ങിയ ദിവസം മുതൽ നാലുദിവസമാണ് വിദ്യാർഥിനി ക്ലാസിലിരുന്നത്. അഞ്ചാം ദിവസം മുതൽ വിദ്യാർഥിനി ക്ലാസിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർഥിനിക്ക് യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതർ മനസിലാക്കുന്നത്.
അതേസമയം,കോളജിന്റെ ഹാജർ ബുക്കിലും കുട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ പ്രവേശന രജിസ്റ്ററും ഹാജർ ബുക്കും താരതമ്യം ചെയ്തപ്പോഴാണ് വിദ്യാർഥിനിക്ക് യോഗ്യതയില്ലെന്ന് മനസിലാകുന്നത്. എങ്ങനെയാണ് വിദ്യാർഥിനി ക്ലാസിൽ എത്തി എന്നതിനെ കുറിച്ച് കോളജ് അധികൃതർക്കും അറിയില്ല.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിനിയാണ് വിദ്യാർഥിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചെന്ന് വിദ്യാർഥി വാട്‌സ്ആപ്പിൽ മറ്റുള്ളവർക്ക് സന്ദേശം അയച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.