പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; ഡി.എൻ.എ. പരിശോധനക്ക് പൊലീസ്
text_fieldsഅടൂർ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനി ഗർഭിണിയാണെന്ന കണ്ടെത്തലിൽ, ഡി.എൻ.എ. പരിശോധനക്ക് പോലീസ് നീക്കം. സഹപാഠിയായ സ്കൂൾ വിദ്യാർഥിയുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. പനി ബാധയെ തുടർന്നാണ് പെൺകുട്ടി തിങ്കളാഴ്ച മരിച്ചത്.
പോക്സോ വകുപ്പുകൾ കൂടി ചേർക്കപ്പെട്ട കേസിൽ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനാണ് പോലീസ് ശ്രമം. മരിച്ച പതിനേഴുകാരി സഹപാഠിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ആരിൽ നിന്ന് ഗർഭം ധരിച്ചു എന്നത് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനക്കായി സഹപാഠിയായ വിദ്യാർഥിയുടെ രക്തസാമ്പിളുകൾ അടക്കം ശേഖരിക്കും. പിതൃത്വം തെളിയിക്കപ്പെടുന്ന പക്ഷം മാത്രമായിരിക്കും അറസ്റ്റിലേക്ക് നീങ്ങുകയെന്നാണ് അടൂർ പോലീസ് വ്യക്തമാക്കുന്നത്. അതേസമയം കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവർത്തകർ ബുധനാഴ്ച സ്കൂളിൽ പഠിപ്പ് മുടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.