ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ സ്കൂളില്‍ പരസ്യവിചാരണ ചെയ്യുന്നത് വിലക്കി
text_fieldsതിരുവനന്തപുരം: വിദ്യാര്‍ഥികളെ സ്കൂളില്‍ പരസ്യവിചാരണ ചെയ്യുന്നത് വിലക്കി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ്. കൗമാരകാലഘട്ടത്തില്‍ വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കുന്നതും വിചാരണ ചെയ്യുന്നതും അവരുടെ വ്യക്തിത്വബോധത്തിന് ആഘാതമുണ്ടാക്കാമെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും ഇതുസംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്നു.
മൂവാറ്റുപുഴയില്‍ സ്കൂളില്‍ പരസ്യവിചാരണ ചെയ്ത വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കൂടിയാണ് ഡയറക്ടറുടെ ഉത്തരവ്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ കണ്ടുവരുന്ന അച്ചടക്കരാഹിത്യവും എതിര്‍ലിംഗക്കാരുമായുള്ള സ്നേഹബന്ധങ്ങളും പലപ്പോഴും സ്കൂളുകളില്‍ പ്രശ്നം സൃഷ്ടിക്കുകയും പ്രിന്‍സിപ്പലിന്‍െറയും അധ്യാപകരുടെയും ഇടപെടലുകള്‍ക്ക് അവസരം ഒരുക്കുകയും ചെയ്യുന്നുണ്ട്.
തെറ്റ് ചെയ്ത വിദ്യാര്‍ഥികളെ പരസ്യമായി അസംബ്ളിയില്‍ മാപ്പ് പറയിക്കുക, ക്ളാസില്‍ സഹപാഠികളുടെ മുന്നില്‍വെച്ച് ആക്ഷേപിക്കുക, സ്റ്റാഫ് റൂമില്‍ മറ്റ് അധ്യാപകരുടെ മുന്നില്‍ പരസ്യമായി കുറ്റവിചാരണ ചെയ്യുക തുടങ്ങിയ ശിക്ഷാനടപടികള്‍ പലവിദ്യാലയങ്ങളിലും നടക്കുന്നതായി അറിയാന്‍ കഴിഞ്ഞതായും ഉത്തരവില്‍ പറയുന്നു.
ഇത്തരം ശാസനാരീതികള്‍ ഉപേക്ഷിക്കണം. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ കാര്യബോധത്തോടെയാണ് പെരുമാറുന്നതെന്നും കുട്ടികളെ ശിക്ഷിക്കുകയോ ശാസിക്കുകയോ ചെയ്യുമ്പോള്‍ കുട്ടിയുടെ അഭിമാനബോധത്തിന് ആഘാതമേല്‍പ്പിക്കാതെ മാതൃകാപരമായ ശിക്ഷാനടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണം.
വിദ്യാര്‍ഥികളുടെ നല്ലതും ക്രിയാത്മകവുമായ കഴിവുകളെ പരസ്യമായി അഭിനന്ദിക്കുകയും തെറ്റുകളെ രഹസ്യമായി ശാസിക്കുകയും ചെയ്യുന്നതുവഴി വിദ്യാര്‍ഥിയും അധ്യാപകനും തമ്മില്‍ ദൃഢമായ സൗഹൃദം രൂപപ്പെടും. അത് അവരുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കും. വിദ്യാലയത്തില്‍ ഏത് ശിക്ഷാനടപടിയാണ് സ്വീകരിക്കേണ്ടതെന്നത് അധ്യാപകന്‍െറ ധാര്‍മികബോധത്തെയും വിശകലനശേഷിയെയും പ്രശ്നത്തോടുള്ള സമീപനത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇക്കാര്യത്തില്‍ അധ്യാപകര്‍ ജാഗ്രത പാലിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.