ചരിത്രം വളച്ചൊടിക്കാനുള്ള നീക്കം ആപത്കരം -സ്പീക്കർ
text_fieldsകൊച്ചി: രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജയിലിൽ കിടന്ന പ്രഥമ വിദ്യാഭ്യാസ മന്ത്രി അബുൽ കലാം ആസാദിനെ പോലുള്ളവരെ വെട്ടിമാറ്റി, ചരിത്രത്തെ വളച്ചൊടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം ആപത്കരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ഏറെ നീണ്ട ചർച്ചകൾക്കുശേഷമാണ് നമ്മുടെ മുൻഗാമികൾ ഭരണഘടനക്ക് രൂപം നൽകിയത്. രാജ്യത്തിന് മതമില്ല. എന്നാൽ, മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകിയിട്ടുണ്ട്. എല്ലാറ്റിനെയും ഉൾക്കൊള്ളുക എന്നതാണ് ഭരണഘടനയുടെ അടിസ്ഥാന തത്ത്വം, അല്ലാതെ പുറന്തള്ളലല്ല. രാജ്യത്ത് ഇപ്പോൾ എല്ലാറ്റിന്‍റെയും പേര് മാറ്റുന്ന തിരക്കാണ്. ഇത് ഒരുതരം മഹാമാരിയാണ്. എന്നാൽ, ഇതിനെയെല്ലാം നമ്മൾ അതിജീവിക്കുമെന്ന് ഷംസീർ കൂട്ടിച്ചേർത്തു. ഡോ. പി. മുഹമ്മദാലി സ്ഥാപകനായ പി.എം ഫൗണ്ടേഷന്‍റെ ഈ വർഷത്തെ അവാർഡ് ദാനച്ചടങ്ങ് ലെ-മെറിഡിയൻ കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ ട്രസ്റ്റി ആയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സ്മരണക്കാണ് ഈ വർഷത്തെ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ പി.എം ഫൗണ്ടേഷൻ ‘മാധ്യമം’ മീഡിയ പാർട്ണറായി നടത്തിയ ടാലൻറ് സർച്ച് പരീക്ഷയിൽനിന്ന് ഉയർന്ന മാർക്ക് കരസ്ഥമാക്കിയ 249 വിദ്യാർഥികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. ടാലൻറ് സർച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ മഞ്ചേരി സ്വദേശി അബ്ദുൽ സലാമിന്‍റെ മകൻ റാശിക് സബീബ് ജസ്റ്റിസ് ഫാത്തിമ ബീവി ടാലൻറ് സർച്ച് ടോപർ അവാർഡായ 25,000 രൂപയും ഫലകവും നേടി. മികച്ച സ്കൂളുകൾക്ക് മൂന്നുലക്ഷം രൂപയും ഫലകവും ഒന്നാം സമ്മാനമായുള്ള പ്രഫ. കെ.എ. ജലീൽ സ്മാരക അവാർഡ് മലപ്പുറം പുറത്തൂർ ഗവ.യു.പി സ്കൂളിനാണ് ലഭിച്ചത്. രണ്ട് ലക്ഷം രൂപയും ഫലകവുമുള്ള രണ്ടാം സമ്മാനം അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിനും ഒരു ലക്ഷം രൂപയും ഫലകവുമുള്ള മൂന്നാം സമ്മാനം വയനാട് അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിനും ലഭിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ഡോ. സജി ഗോപിനാഥ്, ദിവ്യ എസ്. അയ്യർ എന്നിവർ ക്ലാസുകൾ നടത്തി. സ്ഥാപകൻ ഡോ. പി. മുഹമ്മദ് അലി, ട്രസ്റ്റി ഖദീജ സീനത്ത്, ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷ, ‘മാധ്യമം’ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സാലിഹ്, ഡോ. അഷ്റഫ് കടയ്ക്കൽ, ഡോ. കെ.ടി. അഷ്റഫ്, സി.എച്ച്.എ. റഹീം, ഡോ. എൻ.എം. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
1988ൽ ആരംഭിച്ച ഫൗണ്ടേഷൻ 35 വർഷത്തിനിടയിൽ 45,000ത്തോളം വിദ്യാർഥികൾക്ക് അവാർഡുകളും സ്കോളർഷിപ്പും നൽകിയിട്ടുണ്ട്. 2013 മുതൽ ഇന്ത്യയിലെ ശ്രേഷ്ഠ കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് പദ്ധതി വിജയകരമായി നടത്തിവരുന്നു. സിവിൽ സർവിസ് പരീക്ഷക്ക് പരിശീലനം നൽകുന്നതിന് കോഴിക്കോട് ആസ്ഥാനമായി പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവിസും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.