പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി; വയനാടിനെ സഹായിച്ചില്ല -ഖാര്‍ഗെ
text_fieldsനിലമ്പൂര്‍: ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വയനാടിനുവേണ്ടി പാര്‍ലമെന്റില്‍ രാഹുൽ ഗാന്ധിയും ഞാനും ശബ്ദമുയര്‍ത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാര്‍ഗെ. വയനാട് സന്ദര്‍ശിച്ച പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും നിലമ്പൂരില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
വയനാടിന്റെ പുനരധിവാസത്തിനായി കേരളം 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ 291 കോടി രൂപ മാത്രമാണ് മോദി അനുവദിച്ചത്. ബി.ജെ.പി സര്‍ക്കാറുകള്‍ക്കാണ് കേന്ദ്രസഹായത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത്. കോണ്‍ഗ്രസ് ഒരിക്കലും ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും കള്ളം പറയുകയും ചെയ്യുകയാണ് മോദി. രണ്ടു കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. വിദേശത്തുനിന്ന് കള്ളപ്പണം കൊണ്ടുവന്ന് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നല്‍കുമെന്നും പറഞ്ഞു.ജോലിയും പണവും ലഭിച്ച ആരെങ്കിലും ഒരാള്‍ ഇവിടെയുണ്ടോ?
ജനങ്ങള്‍ ജാതി മതഭേദമില്ലാതെ പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന നാടാണ് കേരളം. കുറച്ച് വര്‍ഷങ്ങളായി ഇവിടെ വര്‍ഗീയതയുടെയും വിഭജനത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് ബി.ജെ.പിയും ആര്.എസ്.എസും ശ്രമിക്കുന്നത്. നിങ്ങളുടെ നല്ല സമയത്തും മോശം സമയത്തും ഒപ്പം നില്ക്കുന്ന നേതാക്കളാണ് പ്രിയങ്കയും രാഹുലും. വയനാടിന്റെ ന്യായമായ അവകാശങ്ങള്‍ക്കായി വിശ്രമമില്ലാത്ത പോരാളിയായിരിക്കും പ്രിയങ്കയെന്നും ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.