പ്രധാനമന്ത്രി ഹിന്ദുമതത്തെ അധികാരം നേടാനുള്ള ഉപകരണമാക്കി -മുല്ലപ്പള്ളി
text_fieldsകോഴിക്കോട്: ഹിന്ദുമതത്തെ രാഷ്ട്രീയ അധികാരം നേടാനുള്ള ഉപകരണമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അഗസ്റ്റിൻ തെക്കൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്ന ജനുവരി 22 ഇന്ത്യയെ സംബന്ധിച്ചിടത്തോളം കറുത്ത ദിനമാണ്. മതേതര ഇന്ത്യക്ക് കളങ്കം ചാർത്തിയും, നിർമാണം പൂർത്തിയാക്കാതെയും, ഹൈന്ദവ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് വിശ്വാസത്തിന് എതിരാണെന്നാണ് നാല് മഠാധിപതികൾ തന്നെ പറഞ്ഞത്.
ആചാര്യന്മാരെ നോക്കുകുത്തിയാക്കി ഭക്തിയുടെ ഉന്മാദമാണ് അവിടെ നടന്നത്. ഒരു മതത്തിന്റെ യജമാനനും കർമിയുമായി പ്രവർത്തിക്കേണ്ടയാളല്ല പ്രധാനമന്ത്രി. സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതിയായി പോകരുത് എന്ന് രാജേന്ദ്ര പ്രസാദിനോട് പറഞ്ഞ നെഹ്റുവെന്ന പ്രധാനമന്ത്രിയും ബാബരി മസ്ജിദിന്റെ താഴികക്കുടം മതാന്ധർ തകർത്തപ്പോൾ ഗാന്ധിജിയുടെ വധത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ വേദനയെന്ന് പറഞ്ഞ കെ.ആർ. നാരായണനെന്ന രാഷ്ട്രപതിയുമെല്ലാമുണ്ടായ നാടാണിത്.
രഥയാത്രയുടെ അവസാനം പള്ളിപൊളിക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നുവെങ്കിൽ താൻ അങ്ങോട്ട് പോകില്ലായിരുന്നുവെന്ന് അടുത്തിടെ എൽ.കെ. അദ്വാനിതന്നെ പറയുകയുണ്ടായി. എന്നിട്ടും ഭരണകൂടം പ്രാണപ്രതിഷ്ഠയുമായി മുന്നോട്ടുപോകുന്നതാണ് നാം കണ്ടത്. ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിനത്തോടനുബന്ധിച്ച് നിരപരാധികളായ രണ്ടായിരത്തോളം പേരാണ് രാജ്യത്ത് മരിച്ചത്.
ഇവിടത്തെ ന്യൂനപക്ഷം ഉമിത്തീ എന്നപോലെ കഴിയുകയാണെന്നത് നാം കാണാതെപോകരുത്. ഗ്യാൻവാപി പള്ളിയിൽ ഹിന്ദു സന്യാസിമാർ പൂജ നടത്തുന്നു, മധുരയിലെ പള്ളിക്കെതിരെ മതാന്ധർ രംഗത്തുവരുന്നു, താജ്മഹലിലെ ഉറൂസ് നിർത്താനാവശ്യപ്പെടുന്നു എന്നിങ്ങനെയാണിപ്പോൾ കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കർമശ്രേഷ്ഠ പുരസ്കാരം മുൻ എം.പി. സി. ഹരിദാസിന് മുല്ലപ്പള്ളി സമ്മാനിച്ചു. എ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ യു.കെ. കുമാരൻ, പി.പി. പത്മനാഭൻ, പി.വി. വേണുഗോപാൽ, ഡോ. എം.പി. പത്മനാഭൻ, അബ്ദുൽ അസീസ്, വിപിൻ ജോഷി, അൽഫോൺസ മാത്യു, എം.പി. രാമകൃഷ്ണൻ, എം.കെ. ബീരാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.