പ്രധാനമന്ത്രിയുടെ സന്ദർശനം: ഭക്ഷണം കിട്ടാതെ ഡോക്ടർ കുഴഞ്ഞുവീണു
text_fieldsകോഴിക്കോട്: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വി.ഐ.പി ഡ്യൂട്ടിക്ക് നിയോഗിച്ച ആരോഗ്യസംഘത്തിലെ മുതിർന്ന ഡോക്ടർ ഭക്ഷണം കിട്ടാതെ കുഴഞ്ഞുവീണു. പ്രമേഹരോഗിയായ ഡോ. ഷാജുവാണ് ഭക്ഷണം കഴിക്കാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുഴഞ്ഞുവീണത്. കരിപ്പൂർ വിമാനത്താവളത്തിൽ നിയമിച്ച ഡോക്ടർമാരാണ് ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളോളം വലഞ്ഞത്.
വി.ഐ.പി ഡ്യൂട്ടിക്ക് നിയമിച്ച് ഉത്തരവിറക്കിയ ഡി.എം.ഒയോട് ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാത്രബത്തയും ഡി.എയും വാങ്ങിത്തരാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. വി.ഐ.പി ഡ്യൂട്ടികൾക്ക് നിയമിച്ചുകൊണ്ട് സാധാരണ അഞ്ചുദിവസംമുമ്പ് ഉത്തരവിറക്കണം. എന്നാൽ, കഴിഞ്ഞ ദിവസം മാത്രമാണ് അറിയിപ്പ് ലഭിച്ചതത്രെ.
തങ്ങളുടെ പ്രയാസം അറിയിക്കാൻ പ്രോട്ടോകോൾ ഓഫിസറെ അന്വേഷിച്ചപ്പോൾ എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെടാനാണ് ചിലർ നിർദേശിച്ചതെന്നും പിന്നീട് ജില്ല പൊലീസ് മേധാവി തങ്ങളെ വിളിച്ചെന്നും ആരോഗ്യസംഘം പറഞ്ഞു. ഡ്രൈവറടക്കം ആറുപേരെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ നിയമിച്ചത്.
ഉച്ചക്ക് രണ്ടിന് ഹാജരാവാനായിരുന്നു നിർദേശം. കൃത്യസമയത്ത് എത്തിയെങ്കിലും കുടിവെള്ളമോ ഭക്ഷണമോ അധികൃതർ ഒരുക്കിയില്ലെന്ന് സംഘത്തിലുള്ളവർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.