പി.എം. മുബാറക്ക് പാഷക്ക് മതിയായ യോഗ്യതയില്ലെന്നാരോപിച്ചുള്ള ഹരജി മാറ്റി
text_fieldsകൊച്ചി: ശ്രീനാരായണഗുരു ഓപൺ സർവകലാശാല വി.സിയായി നിയമിതനായ പി.എം. മുബാറക്ക് പാഷക്ക് മതിയായ യോഗ്യതയില്ലെന്നാരോപിച്ചുള്ള ഹരജി ഹൈകോടതി വിശദമായ വാദത്തിന് ഡിസംബർ 13 ലേക്ക് മാറ്റി. കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ജി. റോമിയോ നൽകിയ ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിക്കുന്നത്.
മുബാറക്ക് പാഷയുടെ നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അദ്ദേഹത്തിന് പ്രഫസർ യോഗ്യതയില്ലെന്നുമാണ് ഹരജിക്കാരന്‍റെ വാദം. ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ വി.സിയെ നിയമിക്കാനുള്ള അധികാരം സർക്കാറിന് നൽകുന്ന സർവകലാശാല നിയമത്തിലെ സെക്ഷൻ 11(2) റദ്ദാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.
സേർച്ച് കമ്മിറ്റി രൂപവത്കരിച്ച് പാനലുണ്ടാക്കാതെ വി.സിയെ നിയമിച്ചെന്നും നടപടികൾ സുതാര്യമല്ലെന്നും ഹരജിയിൽ പറയുന്നു. പിഎച്ച്.ഡി യോഗ്യത നേടി 25 വർഷമായി സർവകലാശാല അധ്യാപകനായും 2011 മുതൽ പ്രഫസറായും ജോലി ചെയ്യുന്ന തനിക്ക് വി.സി നിയമനത്തിനുള്ള അവസരം നിഷേധിച്ചെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. വി.സിയുടെ നിയമനം റദ്ദാക്കി തനിക്ക് താൽക്കാലിക ചുമതല നൽകണമെന്നാവശ്യപ്പെട്ട് ഡോ. റോമിയോ ഉപഹരജിയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.