നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി ഇടപെടണം -പ്രവാസി സംഘം
text_fieldsതൃശൂർ: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇക്കാര്യത്തില്‍ ഇടപെടേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. യെമനില്‍ ക്ലിനിക് നടത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയനായ യുവാവിന്‍റെ മരണമാണ് വധശിക്ഷയിലേക്ക് എത്തിച്ചത്. യമനിലെ പ്രത്യേക സാഹചര്യത്തില്‍ കേസ് ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എംബസിയുടെ ഭാഗത്തുനിന്നും ഇടപെടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. യുദ്ധസാഹചര്യമാണ് അന്ന് പ്രതിബന്ധമായത്. യെമന്‍ തലസ്ഥാനത്ത് എംബസി പ്രവര്‍ത്തിച്ചിരുന്നില്ല. താല്‍ക്കാലിക എംബസി ജിബൂട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് കേസ് നടത്തിപ്പിനെ ബാധിച്ചു.വിധി നിമിഷക്ക് പ്രതികൂലമാവുകയും ചെയ്തുവെന്ന് പ്രവാസി സംഘം പറഞ്ഞു.
പ്രായമായ അമ്മയും ഭര്‍ത്താവും ഏഴ് വയസ്സുള്ള മകളുമാണ് നിമിഷക്കുള്ളത്. യുവതിയുടെ മോചനം ലക്ഷ്യം വച്ച് ലോക കേരള സഭാംഗങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. ഇത് ആശ്വാസകരമാണ്. വിദേശ മന്ത്രാലയം അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കണം. കേരള സര്‍ക്കാറിന്‍റെ നോര്‍ക്ക, വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. ജനകീയ പ്രസ്ഥാനങ്ങൾ സമ്മര്‍ദ്ദം ഉയര്‍ത്തണമെന്ന് പ്രവാസി സംഘം പ്രസിഡന്‍റ് പി.ടി. കുഞ്ഞുമുഹമ്മദും ജനറൽ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.