‘പി.എം ശ്രീ’; കേന്ദ്രം തടഞ്ഞത് 953 കോടി രൂപ
text_fieldsതിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ തയാറാകാത്തതിന്റെ പേരിൽ സമഗ്രശിക്ഷ അഭിയാൻ പദ്ധതി പ്രകാരമുള്ള ഫണ്ട് തടയുന്നതോടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതികൾ പ്രതിസന്ധിയിലാകും. സൗജന്യ യൂനിഫോം, സൗജന്യ പാഠപുസ്തകം, ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സഹായം, റിസോഴ്സ് അധ്യാപക നിയമനത്തിനുള്ള ഫണ്ട് തുടങ്ങിയവയാണ് കേന്ദ്രപദ്ധതിയിൽ നിന്ന് സമഗ്രശിക്ഷ കേരളം പ്രൊജക്ടിലേക്ക് ലഭിക്കുന്നത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഉറപ്പുവരുത്തേണ്ട സൗകര്യങ്ങൾക്കാണ് പ്രധാനമായും സമഗ്രശിക്ഷ അഭിയാൻ വഴി ഫണ്ട് നൽകുന്നത്. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും തുകയാണ് ഇതിനായി ചെലവഴിക്കുന്നത്. കേന്ദ്രസർക്കാർ ആവിഷ്കരിച്ച പി.എം ശ്രീ സ്കൂൾ പദ്ധതിയിൽ ഒപ്പിടാൻ വിസമ്മതിച്ചതിന്റെ പേരിലാണ് കേരളത്തിനുള്ള വിഹിതം തടഞ്ഞിരിക്കുന്നത്. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത രണ്ട് സ്കൂളുകൾ പി.എം ശ്രീ പദ്ധതിയിലേക്ക് നിർദേശിക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ സ്കൂളുകളുടെ പേര് തന്നെ ‘പി.എം ശ്രീ’ എന്ന് തുടക്കത്തിൽ ചേർത്ത് മാറ്റംവരുത്തണം.
ഇതിനുപുറമെ, കേന്ദ്രസർക്കാർ സമയാസമയങ്ങളിൽ കൊണ്ടുവരുന്ന പദ്ധതികളും ഈ സ്കൂളുകളിൽ നടപ്പാക്കണം. ഒരു വർഷത്തേക്ക് ഒരു കോടി രൂപയാണ് ഇത്തരം സ്കൂളുകൾക്ക് അനുവദിക്കുക. ഇതിൽ 60 ശതമാനം കേന്ദ്രം നൽകുമ്പോൾ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണം. കേരളത്തിൽ 265 സ്കൂളുകളെ പദ്ധതിയിൽ ഉൾപ്പെടുത്താമെന്നാണ് കേന്ദ്രം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.