പ്രധാനമന്ത്രി കേരളത്തെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചു -മുഖ്യമന്ത്രി
text_fieldsവടകര: കേരളം സന്ദർശിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി കേരളത്തിൽ രണ്ടു പരിപാടികളിൽ പങ്കെടുത്തതിൽ രാഷ്ടീയ ചടങ്ങിൽ സംസ്ഥാനത്തെ ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമിച്ചത്. എന്നാൽ, ഔദ്യോഗിക പരിപാടിയിൽ പറഞ്ഞത് സത്യമാണ്-മുഖ്യമന്ത്രി പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ട്രെയിൻ വന്നു എന്നതുകൊണ്ട് കഴിയുന്നതാണോ കേരളത്തോട് കാണിക്കുന്ന വിവേചനം? കേരളം നേരിടേണ്ടിവരുന്ന അവഗണന ഇത്തരം അതിശയോക്തികൊണ്ട് മറച്ചുവെക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം 157 നഴ്സിങ് കോളജുകൾ അനുവദിച്ചപ്പോൾ സംസ്ഥാനത്തെ പാടെ അവഗണിച്ചു. കേരളത്തിലെ നഴ്സുമാരെ രാജ്യവും ലോകവും അംഗീകരിച്ചതാണ്. എന്നിട്ടും കേന്ദ്രം അവഗണിച്ചു. എയിംസ്, ശബരി റെയിൽപാത, റെയിൽവേ കോച്ച് ഫാക്ടറി... ഒന്നും യാഥാർഥ്യമായില്ല-പിണറായി പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും സമരസപ്പെടുകയാണ്. സംസ്ഥാനത്ത് നടപ്പാക്കുന്ന ഏത് പദ്ധതിയും എങ്ങനെ തടയാൻ പറ്റുമെന്നാണ് രണ്ടു കൂട്ടരും നോക്കുന്നത്. ഒരാൾ രാവിലെയും മറ്റൊരാൾ വൈകീട്ടും പറയുമെന്നുമാത്രം. ഇരു മെയ്യാണെങ്കിലും അവർക്ക് ഒരു മനസ്സാണ്. പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ തർക്കത്തിലായി പരിഹാസ്യമായ നിലയിലാണ് കോൺഗ്രസെന്ന് നാം കാണേണ്ടതുണ്ട്. അപകടങ്ങൾ കുറക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുകയാണ്. അതിനാലാണ് കാമറകൾ സ്ഥാപിച്ചത്. ഇതിന് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു. കോയിറ്റോടി ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.