സുധാകരന്‍റെ പ്രസ്താവന നിസാരമായി കാണുന്നില്ലെന്ന് ലീഗ്
text_fieldsമലപ്പുറം: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ ആർ.എസ്.എസ് പ്രസ്താവന നിസാരമായി കാണുന്നില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരന്‍റെ പ്രസംഗത്തെ കോൺഗ്രസിന്‍റെ നിലപാടുമായി ബന്ധപ്പെടുത്തി അംഗീകരിക്കാനാകില്ല. കോൺഗ്രസിന്‍റെ ചരിത്രവും ഇപ്പോഴത്തെ നിലപാടും ബി.ജെ.പിയെയും സംഘ്പരിവാറിനെയും എതിർക്കുന്നതാണ്. ബി.ജെ.പിയുമായോ ജനസംഘവുമായോ ഒരു സഖ്യവുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ആ പാർട്ടിയുമായാണ് ലീഗ് സഖ്യത്തിലേർപ്പെട്ടിരിക്കുന്നത്. അത്തരത്തിലുളള പാർട്ടിയെ സംബന്ധിച്ച് തെറ്റിദ്ധാരണജനകമായ പരാമർശം ഉണ്ടാകുന്നത് വേദനാജനകമാണ്.
ഏത് സാഹചര്യത്തിലാണ് അത്തരം പരാമർശമെന്നറിയില്ല. യു.ഡി.എഫിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇത്തരം പരാമർശങ്ങൾ വരുമ്പോൾ പരിശോധിക്കേണ്ട ബാധ്യത അവർക്കുണ്ട്. വിഷയം ബുധനാഴ്ച ചേരുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലും ചർച്ചയാകുമെന്നും സലാം കൂട്ടിചേർത്തു. നേരത്തെ, ഇടതുപക്ഷം ചെയ്ത ക്രമക്കേടുകൾക്ക് ഗവർണർ കൂട്ടുനിൽക്കുകയായിരുന്നുവെന്നും ഇരുവരും ചേർന്നാണ് ഉന്നതവിദ്യാഭ്യാസ മേഖല ഇത്ര വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.