പാർട്ടി രേഖകളിലുള്ള ലൗജിഹാദ് സിപി.എം വ്യക്തമാക്കണം; സമുദായങ്ങളെ ഭിന്നിപ്പിക്കരുതെന്ന് പി.എം.എ സലാം
text_fieldsപാർട്ടിസമ്മേളനങ്ങളിൽ ചർച്ച ചെയ്തുവെന്നും പാർട്ടിരേഖകളിൽ ലൗജിഹാദ് വന്നിട്ടുണ്ടെന്നും ജോർജ് എം തോമസ് പറഞ്ഞത് സി.പി.എം സംസ്ഥാന നേതൃത്വം വിശദീകരിക്കണമെന്ന് മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. ഇത് ഗൗരവമുള്ള വിഷയമാണെന്നും എന്താണ് ഇത് സംബന്ധിച്ച് പാർട്ടിയിൽ നടന്ന ചർച്ചകളെന്നും പാർട്ടി രേഖകളിലുള്ളത് സി.പി.എം നേതൃത്വം പുറത്തുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയിൽ നടന്ന ചർച്ചകളാണോ ജോർജ് എം തോമസിന് ലൗജിഹാദ് സംബന്ധിച്ച് പ്രസ്താവന നടത്താൻ ധൈര്യം നൽകിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കേരളത്തിലെ പ്രബല ന്യൂനപക്ഷവിഭാഗമായ ക്രിസ്ത്യൻ - മുസ്‍ലിം സമുദായങ്ങൾ തമ്മിൽ കാലങ്ങളായുള്ള സൗഹാർദം തകർക്കാനുള്ള ശ്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും അത് കേരളീയ സമൂഹത്തിന് പൊറുക്കാനാകാത്തതാണ്. ഭരണനേട്ടങ്ങളും കോട്ടങ്ങളും ചൂണ്ടികാണിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടത്. വിദ്വേഷം വോട്ടാക്കി മാറ്റാൻ ശ്രമിക്കരുത്. മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു നേതാവിൽ നിന്ന് ഇങ്ങിനെയൊരു പ്രയോഗം ഉണ്ടായപ്പോൾ കേരളീയ സമൂഹം ഞെട്ടിത്തരിച്ച് പോയിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ചുള്ള അവരുടെ നിലപാട് വ്യക്തമാക്കണമെന്നും സലാം പറഞ്ഞു.
സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കരുത്. വിവിധ സമുദായങ്ങൾ തമ്മിൽ നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്ന സ്നേഹവും സഹകരണവും തകർക്കരുത്. ചെറുപ്പക്കാർ പ്രേമിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും മതവുമായി ബന്ധമൊന്നുമില്ല. അതിനെ മതവുമായി കൂട്ടിക്കുഴക്കരുതെന്നും സലാം പറഞ്ഞു.
ലൗജിഹാദ് പ്രയോഗത്തിന് ഉത്തരേന്ത്യയിൽ പ്രചരണം കൊടുത്തത് സംഘ്പരിവാറാണ്. പക്ഷേ, കേരളത്തിൽ അതിന് നേതൃത്വം കൊടുത്തത് സഖാവ് വി.എസാണെന്നും സലാം പറഞ്ഞു.
കേരളത്തിൽ ലൗജിഹാദില്ലെന്നത് അന്വേഷണ കമീഷനുകൾ കണ്ടെത്തിയതാണ്. എന്നിട്ടും ഒരു സി.പി.എം നേതാവ് എന്തിനാണ് ലൗജിഹാദിനെ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കോടഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനും പങ്കാളി ജോയ്സനയും വിവാഹിതരായതിനെതിരെ ലൗജിഹാദ് ഉന്നയിച്ച് പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നു. ഷെജിനെ തള്ളിപ്പറഞ്ഞും ലൗജിഹാദ് യാഥാർഥ്യമാണെന്ന തരത്തിലും സി.പി.എം നേതാവ് ജോർജ് എം തോമസ് ആദ്യ ഘട്ടത്തിൽ നടത്തിയ പ്രതികരണം വിവാദമാകുകയും പിന്നീട് തിരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പി.എം.എ സലാം മാധ്യമങ്ങളോട് സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.